കൊല്ലം: സ്‌കൂൾ വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമേകാൻ 50 ശതമാനം വരെ വിലക്കുറവിൽ പൊലീസിന്റെ സ്‌കൂൾ വിപണി. കൊല്ലം എ.ആർ ക്യാമ്പ്, കൊട്ടാരക്കര, അഞ്ചൽ എന്നിവിടങ്ങളിൽ കൊല്ലം പൊലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് വിപണി ആരംഭിച്ചിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു വേണ്ടിയാണ് തുടങ്ങിയതെങ്കിലും പിന്നീട് പൊതുജനങ്ങൾക്കും കൂടി പ്രയോജനപ്പെടുന്ന തലത്തിലേക്ക് മാറ്റുകയായിരുന്നു. എല്ലാ പ്രധാന ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ ലഭ്യമാണ്. ഒരു കുട്ടിക്ക് സ്‌കൂളിലേക്ക് ആവശ്യമായ എല്ലാസാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത. പ്രമുഖ കമ്പനികൾ പുറത്തിറക്കുന്ന നോട്ട്ബുക്കുകളുടെ അതേ ഗുണമേന്മയിൽ, ത്രിവേണിയുമായി ചേർന്ന് പൊലീസ് സൊസൈറ്റി സ്വന്തമായും നോട്ട് ബുക്കുകൾ പുറത്തിറക്കിയിട്ടുണ്ട്.
വിവിധതരം കുടകൾ, റെയിൻകോട്ട്, പെൻസിലുകൾ, പേന, ബാഗുകൾ, ഷൂ എന്നിവയെല്ലാം ലഭ്യമാണ്. .ദിനംപ്രതി മൂന്ന് ലക്ഷത്തിന് മുകളിലാണ് വരുമാനം. രാവിലെ 10 മുതൽ വൈകിട്ട് ഏഴ്‌വരെയാണ് പ്രവർത്തനം. പൊലീസ് സഹകരണസംഘം പ്രസിഡന്റ് ഷൈജു, സെക്രട്ടറി സനോജ്, വൈസ് പ്രസിഡന്റ് സി. വിനോദ്കുമാർ എന്നിവരുടെയും പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് സ്‌കൂൾ വിപണിയുടെ പ്രവർത്തനം. ജൂൺ അഞ്ചിന് അവസാനിക്കും.