കടയ്‌ക്കൽ: മണികണ്‌ഠൻചിറ ദേശത്തിന്റെ നാഥനായ തേവരുനടയിൽ വികസനമെത്താൻ ഇനിയും എത്ര നാൾ കാത്തിരിക്കണമെന്ന് ഭക്തർ ചോദിക്കുന്നു. ജാതി - മത ഭിന്നതകൾക്കതീതമായി നാടിന്റെ ആത്മീയ ചൈതന്യമായിരുന്ന തേവരുനട ഇന്ന് ക്ഷയിച്ച അവസ്ഥയിലാണ്. ഇതിനിടയിലും നാടു കാക്കുന്ന തേവരുടെ നടയിൽ പൂജയും വിളക്കും തിരിയുമായി വിശ്വാസികൾ മൂർത്തിക്ക് നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ്.
ദേവസ്വം ബോർഡ് ഇടപെടുമെന്ന പ്രതീക്ഷയിൽ
സ്വർണത്തിനായി ക്ഷേത്രങ്ങൾ കൈയ്യേറിയ ഒരു കാലത്തിന്റെ മൂക സാക്ഷിയാണ് തേവരുനടയിലെ കരിങ്കൽ ഭിത്തികൾ. പണവും പണ്ടവും കൊണ്ടു പോയെങ്കിലും തേവരുടെ പേരിലുള്ള മൂന്നര ഏക്കറോളം ഭൂമി ആർക്കും കൊണ്ടു പോകാൻ കഴിഞ്ഞില്ല.നാട്ടിൽ ക്ഷാമമുണ്ടായ കാലം ആരാധനാലയങ്ങളെയും ബാധിച്ചപ്പോഴാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ ഏറ്രെടുത്തത്.
ദേവസ്വം ഇത്രയുമധികം ഭൂമി സ്വന്തമാക്കിയിട്ടും തേവരുനടയെ പുനരുദ്ധരിച്ച് പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു വരുന്നില്ലെന്ന് ഭക്തർക്ക് ആക്ഷേപമുണ്ട്.
പ്രദേശത്തുള്ളവർ രണ്ടു തവണ യോഗം ചേർന്നു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചെങ്കിലും ഭാരിച്ച ദൗത്യം പൂർത്തീകരിക്കാനായില്ല. നിത്യപൂജ ഇല്ലെങ്കിലും മണ്ഡലകാലത്തെ 41 ദിവസത്തെ ചിറപ്പു മഹോത്സവം എല്ലാ വർഷവും മുടങ്ങാതെ നടക്കുന്നു. കടയ്‌ക്കൽ ദേവി ക്ഷേത്രത്തിലെ ദേവസ്വത്തിന്റെ അധികാര പരിധിയിലാണ് ക്ഷേത്രം. മണ്ഡല കാലത്ത് അവിടെ നിന്ന് കീഴ്‌ശാന്തിയെ പൂജകൾക്കായി അയക്കാറുണ്ടെങ്കിലും മണികണ്‌ഠൻചിറ പരിസരത്തുള്ളവരാണ് ചെലവുകൾ വഹിക്കുന്നത്. ക്ഷേത്രത്തിന്റെ ഈ മൂന്നര ഏക്കറിലാണ് ദേവസ്വം ബോർഡ് സ്‌കൂൾ പ്രവർത്തിക്കുന്നത്.
പത്തു വർഷം മുമ്പ് നടന്ന ദേവപ്രശ്‌നത്തിൽ തെളിഞ്ഞ പരിഹാരക്രിയകൾ ഇനിയും നടപ്പിലായിട്ടില്ല.ദേവസ്വം ബോർഡ് മുൻകൈ എടുത്താൽ ഭക്തരും ഒപ്പമുണ്ടാകും.
ആർ.രവീന്ദ്രൻ
മണികണ്‌ഠൻചിറ പുത്തൻവിള.