തൊടിയൂർ: മാളിയേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജിന് മുൻ എം.എൽ.എ.ആർ.രാമചന്ദ്രൻ മെമ്മോറിയൽ ഓവർ ബ്രിഡ്ജ് എന്ന് നാമകരണം ചെയ്യണമെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, സി.ആർ.മഹേഷ്‌ എം.എൽ.എ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് ആവശ്യം ഉന്നയിച്ച് റെയിൽവേ ആക്ഷൻ കൗൺസിൽ നിവേദനം നൽകി.

1990 ജനുവരി 9ന് കൂടിയ റെയിൽവേ ആക്ഷൻ കൗൺസിൽ യോഗത്തിൽ ഉന്നയിക്കെപ്പെട്ട റെയിൽവേ മേൽപ്പാലം എന്ന ആശയം അന്ന് ആക്ഷൻ കൗൺസിൽ അംഗമായിരുന്ന ആർ.രാമചന്ദ്രൻ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നീട് എം.എൽ.എ എന്ന നിലയിൽ അദ്ദേഹം നടത്തിയ പരിശ്രമഫലമായാണ് മാളിയേക്കൽ മേൽപ്പാല നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചതെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ.രവി പ്രസ്താവനയിൽ പറഞ്ഞു.