കൊല്ലം: ജീവനകലയെയും യോഗയെയും ലോകം മുഴുവൻ ജനകീയമാക്കിയത് ശ്രീ ശ്രീ രവിശങ്കറാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ 68-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തോപ്പിൽക്കടവ് ആശ്രമത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെല്ലാം എന്താണ് യഥാർത്ഥ മനസമാധാനം, ജീവിതം, ശരി എന്നറിയാൻ കഴിയാതെ പരക്കം പായുന്ന കാലഘട്ടമാണ് ഇന്ന്. എന്നിട്ടും ഒരിക്കൽപോലും നമ്മൾ കാണാനോ ആഗ്രഹിക്കാനോ ശ്രമിക്കാത്ത ഒന്നാണ് ജീവനകലയും യോഗയും. യോഗ അനുഷ്ഠിക്കുമ്പോൾ മാനസികമായി അനുഭവിക്കുന്ന സന്തോഷം, ശാരീരികമായ സുഖം എന്നിവയിലൂടെ ഇന്നലെവരെയില്ലാത്ത ഒരു നമ്മളെ കണ്ടെത്തുകയാണെന്ന് എം.എൽ.എ പറഞ്ഞു.
ആർട്ട് ഒഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് രാജീവൻ.ജി.ഏനാത്ത് അദ്ധ്യക്ഷനായി. വി.ഡി.എസിന്റെ എഴുകോൺ ശ്ര്രീ ശ്രീ അക്കാഡമി ചെയർമാനായ വി.ആർ.ബാബുരാജ്, അപ്പെക്സ് ബോഡി ട്രഷറർ ജി.പത്മാകരൻ, കൊല്ലം ആശ്രമം ചെയർമാൻ എസ്.തിലകൻ, ജില്ലാ സെക്രട്ടറി കെ.എസ്.അനിൽ, റീജിയണൽ കോ ഓഡിനേറ്റർ ടി.എസ്.മോഹൻരാജ്, സംസ്ഥാന കൗൺസിൽ അംഗം ഡോ.ജനാർദ്ദനൻ കുമ്പളത്ത്, ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ സംസ്ഥാന കമ്മിറ്റി അംഗം അനിൽ തോപ്പിൽ, ഹരികൃഷ്ണൻ, അജിത്ത് പല്ലവി, കെ.എൻ. ആറുമുഖം എന്നിവർ നേതൃത്വം നൽകി.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിർദ്ധന യുവതിയുടെ വിവാഹം നടത്താനുള്ള സമ്മതപത്രം ആർട്ട് ഒഫ് ലിവിംഗ് ഭാരവാഹികൾ സാമൂഹ്യക്ഷേമവകുപ്പിന് കൈമാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളുടെ പഠനചെലവുകൾ മുഴുവൻ ഏറ്റെടുക്കുന്ന പദ്ധതിയും 25 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണവും നടന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഹാഗുരുപൂജ, സത് സംഗ്, കലാസന്ധ്യ, സേവാ പ്രോജക്ടുകൾ എന്നിവയും നടന്നു.