കൊല്ലം: ബൈക്ക് യാത്രക്കാരനെയും സുഹൃത്തുക്കളേയും മർദ്ദിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരുമുല്ലവാരം കല്ലുംപുറം കല്ലുത്തറയിൽ വേണു (53), കല്ലുത്തറയിൽ ആകാശ് (21), ആകാശിന്റെ ജേഷ്ഠനായ ആരോമൽ (25), തിരുമുല്ലാവാരം കൊച്ചയ്യത്ത് വീട്ടിൽ വിഷ്ണു(21), കല്ലിൽ അഭിജിത്ത് (20) എന്നിവരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10 ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കാവനാട് സ്വദേശി സുധീഷിനെ അഭിജിത്തും വിഷ്ണുവും ചേർന്ന് തടയുകയും ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ച് താക്കോൽ ഊരിയെടുക്കുകയും ചെയ്തു. താക്കോൽ തിരികെ ചോദിച്ച സുധീഷിനെ വിഷ്ണു മർദ്ദിച്ചു. തുടർന്ന് സുധീഷ് സുഹൃത്തായ അരവിന്ദനെ ബൈക്ക് എടുക്കാനായി ഫോണിൽ വിളിച്ചുവരുത്തിയപ്പോൾ വേണു, ആരോമൽ, വിഷ്ണു, അഭിജിത്ത് തുടങ്ങിയവർ ചേർന്ന് ഇവരെ ക്രൂരമായി മർദ്ദിക്കുകയും ബൈക്ക് തല്ലിത്തകർക്കുകയും ചെയ്തു.

അക്രമി​ സംഘത്തിലെ ആകാശ് കമ്പി വടി കൊണ്ട് സുധീഷിന്റെയും അരവിന്ദന്റെയും തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ഇരുവരെയും ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി വന്ന ഇവരുടെ സുഹൃത്തുക്കളായ ഗോകുലിനെയും കണ്ണനെയും വിഷ്ണുവിനെയും പ്രതികൾ സംഘം ചേർന്ന് പൈപ്പ് കമ്പി കൊണ്ട് തലയ്ക്കും മുഖത്തും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ സുധീഷിനും സുഹൃത്തുക്കൾക്കും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.