പുനലൂർ: ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ആനയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചു. രണ്ടാഴ്‌ച മുമ്പാണ് കറവൂർ ഭാഗത്തെ തോട്ടിലും സമീപത്തെ വനം വികസന കോർപ്പറേഷന്റെ കശുമാവ് തോട്ടത്തിലും ചെവിഭാഗത്ത് കുത്തേറ്റ് വ്രണമായ നിലയിൽ ആനയെ കണ്ടെത്തിയത്.
ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതിനാൽ ഉൾക്കാട്ടിലേക്ക് പോകാൻ ഭയപ്പെട്ട് നിന്ന ആനയാണ് നാട്ടുകാർക്ക് ഭീഷണിയായത്. സ്ഥിരമായി കശുമാവിൻ തോട്ടത്തിൽ കശുമാങ്ങ തിന്നാനും തോട്ടിൽ നിന്ന് ദാഹമകറ്റാനും ആന എത്തിയിരുന്നത് കൊണ്ട് വനപാലകർക്ക് ആനയ്‌ക്ക് ചികിത്സ നൽകുന്ന ജോലി അനായാസമായിരുന്നു.
കൈതച്ചക്കയിലും പഴത്തിലും ഗുളിക തിരുകി നൽകിയുള്ള ചികിത്സ ഏറെ ഫലപ്രദമായി. സ്ഥിരമായി ഈ രണ്ടു സ്ഥലങ്ങളിലും എത്തിയതിനാൽ വനംവകുപ്പ് ജീവനക്കാർക്ക് ആനയെ തേടി മരുന്നുമായി നടക്കേണ്ടിയും വന്നില്ല.
എന്നാൽ ആരോഗ്യനില മെച്ചപ്പെട്ടതോടെ ആന പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായി. ഇതിനിടെ വനം വികസന കോർപ്പറേഷന്റെ ഫീൽഡ് സ്‌റ്റാഫ് ആനയെ കശുമാവ് തോട്ടത്തിന്റെ വനാതിർത്തിയിലെ മുളങ്കാട്ടിൽ കണ്ടിരുന്നു.
എന്നാൽ ആനയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ വനം വകുപ്പ് പുന്നല, അമ്പനാർ ഫോറസ്‌റ്റ് സ്‌റ്റേഷനുകളുടെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തിയിട്ടും പരിക്കേറ്റ ആനയെ കണ്ടെത്താനായിട്ടില്ല.