കരുനാഗപ്പള്ളി: തെലങ്കാനയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ മുസ്ലിം വനിതകളുടെ മുഖാവരണം മാറ്റി പരിശോധന നടത്തിയ സ്ഥാനാർത്ഥി മാധവി ലതയുടെ നടപടി തികച്ചും ലജ്ജാകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ യോഗം വിലയിരുത്തി. വോട്ടറുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് നിയമപരമായ അവകാശമില്ലെന്നും സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നത് തടസപ്പെടുത്തിയ സ്ഥാനാർത്ഥിയെ ജനപ്രാധിനിത്യ നിയമം അനുസരിച്ച് അയോഗ്യയാക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. അഡ്വ.കെ.ജവാദ്, കുരുടന്റയ്യത്ത് അബ്ദുൽ വാഹിദ്, എം.അൻസാർ, അബ്ദുൽ വാഹിദ്, കെ.സി.ഖലീലുദ്ദീൻ പൂയപ്പള്ളിൽ, മനാഫ് വടക്കുംതല എന്നിവർ സംസാരിച്ചു.