പുനലൂർ: ചാലിയക്കര,വെരുകുഴി,ചണ്ണയ്‌ക്കാമൺ,ചെറുകടവ് ഭാഗങ്ങളിൽ ആനയുൾപ്പടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്ല്യം കൊണ്ടു ജനജീവിതം ദുസഹമാകുമ്പോഴും സോളാർ വേലികൾ നോക്കുകുത്തിയാകുന്നു. പകലും രാത്രിയും കൂട്ടമായെത്തുന്ന ആനകൾ 15 അടിയോളം വരെ പൊക്കമുള്ള ചക്ക പറിച്ചു തിന്നുന്നു. ഇതിനിടെ കവുങ്ങും തെങ്ങും വിനോദത്തിന് കുത്തി മറിച്ച സംഭവങ്ങളും നിരവധിയാണ്. മിക്ക പ്രദേശങ്ങളിലും സോളാർ വേലികൾ ഉണ്ടെങ്കിലും അതു ഫലപ്രദമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.സൗരോർജ്ജ വേലികൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലേക്ക് കൂറ്റൻ മരങ്ങൾ തള്ളി മറിച്ചിട്ടുണ്ടാക്കുന്ന വിടവിലൂടെയാണ് ആനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
സൗരോർജ്ജ വേലികൾ ഫ്രലപ്രദമാകുന്നില്ല. വനാതിർത്തിയോടു ചേർന്ന ഭാഗത്ത് ആഴത്തിൽ കിടങ്ങുകൾ കുഴിച്ചാൽ വന്യജീവികളെ ഒരു പരിധിവരെ ഒഴിച്ചു നിറുത്താൻ സാധിക്കും.
എം.എം.രാജേന്ദ്രൻ
എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗം,
പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരൻ
ഹാങ്ങിംഗ് സോളാർ ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യയോടു കൂടിയുള്ള പദ്ധതി പരിഗണനയിലാണ്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഫണ്ടുപയോഗിച്ചുള്ള പദ്ധതി നടപ്പിലാക്കുന്നത് വനം വകുപ്പ് വഴിയാണ്. നിലവിൽ സോളാർ വേലിയുടെ തൂണുകളിലേക്ക് മരങ്ങൾ പിഴുതെറിഞ്ഞാണ് ആനകൾ ആ വിടവിലൂടെ ജനവാസ മേഖലയിലേക്ക് കടക്കുന്നത്. എന്നാൽ ഹാംങ്ങിംഗ് സോളാർ തൂണുകൾ ആവശ്യമില്ലാതെ ലംബാകൃതിയിലാണ് തൂക്കിയിടുന്നത്. പുനലൂർ ഡി.എഫ്.ഒയാണ് നിർവഹണ ഉദ്യോഗസ്ഥൻ. ഏകദേശം 40 പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്ന വെള്ളം തെറ്റി കോളനിയിൽ രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള ഹാംങ്ങിംഗ് സോളാർ വേലികൾ സ്ഥാപിക്കുന്ന ജോലി മാതൃകാ പെരുമാറ്റ ചട്ടം അവസാനിച്ചാൽ ആരംഭിക്കാനാകും.
വനം വകുപ്പ് അധികൃതർ