t
മൂന്നാം ഘട്ടം വരെ പൂർത്തിയായ കൊല്ലം ലിങ്ക് റോഡ്

കൊല്ലം: ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്കുള്ള, ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ട രൂപരേഖ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം തയ്യാറാക്കി. നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി എസ്റ്റിമേറ്റ് പരിഷ്കരണവും ആരംഭിച്ചു. ഒപ്പം ടെണ്ടർ നടപടികൾക്ക് ഉപയോഗിക്കാനായി വിശദമായ രൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് നിർദ്ദേശവും നൽകി.

നാലാംഘട്ട വികസനത്തിന്റെ ഭാഗമായി, തേവള്ളി പാലത്തിന് അടിയിലൂടെ നിർമ്മിക്കുന്ന പുതിയ പാലവും കായലിലെ ജലനിരപ്പും തമ്മിലുള്ള വ്യത്യാസം വർദ്ധിപ്പിച്ച് കൊണ്ടുള്ളതാണ് പുതിയ രൂപരേഖ. ഇതിന് പുറമേ തേവള്ളി പാലത്തിന്റെ ഭാവി വികസനത്തെ ബാധിക്കാതിരിക്കാൻ ഈ ഭാഗത്തെ പുതിയ സ്പാനിന്റെ നീളവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തയ്യാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് പരിഷ്കരിച്ച് കിഫ്ബിയുടെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കും. കിഫ്ബി അംഗീകാരം നൽകിയാലുടൻ ടെണ്ടർ നടപടികളിലേക്ക് നീങ്ങാനാണ് വിശദരൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

നേരത്തെയുള്ള രൂപരേഖയിൽ ജലനിരപ്പും പുതുതായി നിർമ്മിക്കുന്ന പാലവും തമ്മിൽ ആവശ്യമായ അകലമില്ല, തേവള്ളി പാലത്തിന്റെ ഭാവി വികസനത്തിന് തടസമാകുമെന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ട് വർഷം മുൻപ് നാലാംഘട്ടത്തിന് കിഫ്ബി അനുമതി നിഷേധിച്ചത്.

മൂന്നു ഘട്ടങ്ങൾ കഴിഞ്ഞിട്ട് ഒന്നര വർഷം

കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെ ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം പൂർത്തിയായിട്ട് ഒന്നര വർഷത്തോളമാകുന്നു. നാലാംഘട്ടത്തിന് അനുമതി ലഭിച്ച ശേഷം മൂന്നാംഘട്ടം ഗതാഗതത്തിന് തുറന്നു നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. ഓലയിൽക്കടവിൽ അവസാനിക്കുന്ന മൂന്നാംഘട്ടം കൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. തോപ്പിൽക്കടവ് വരെ നീട്ടിയാലെ ഹൈസ്കൂൾ ജംഗ്ഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാകു. നാലാംഘട്ട വികസനത്തിന് 150 കോടി നേരത്തെ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് പരിഷ്കരിക്കുമ്പോൾ തുക വീണ്ടും ഉയർന്നേക്കും.