കണ്ണ് തുറക്കാതെ അധികൃതർ
കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലാബ് തകർന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കണ്ണൊന്ന് തെറ്റിയാൽ ഓടകളിൽ വീണ് എപ്പോൾ വേണമെങ്കിലും അപകടം പറ്റാവുന്ന സ്ഥിതിയാണ്. സ്ലാബുകൾ മാറ്റിയിടാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളായ ശാരദാമഠത്തിന് എതിർവശത്തും കൊല്ലം വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്തും ചിന്നക്കടയിൽ നിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും, ജില്ലാ ജയിലിന് സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകൾ തകർന്നിരിക്കുകയാണ്. വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെ ദിനം പ്രതി നൂറുകളക്കിനാളുകളാണ് ഈ ഭാഗങ്ങളിലൂടെ കടന്നു പോകുന്നത്. സ്ലാബുകളുടെ ഒരു വശം ഉയർന്നിരിക്കുന്നതും സ്ലാബുകൾക്കിടയിൽ വിടവുള്ളതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ശാരദാമഠത്തിന് എതിർവശത്ത് ഓടയുടെ സ്ലാബ് പൂർണമായും തകർന്ന നിലയിലാണ്. വാട്ടർ അതോറിട്ടി ഓഫീസിന് സമീപത്ത് ക്രമം തെറ്റിയും തകർന്നും കിടക്കുന്ന സ്ളാബുകൾക്കടുത്താണ് ആളുകൾ ബസിൽ വന്നിറങ്ങുന്നതും കയറുന്നതും. ബസിൽ നിന്ന് സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ ഓടയിൽ വീണ് പരിക്ക് പറ്റാവുന്ന സ്ഥിതിയാണ്.
പരാതിപ്പെട്ടു, ഫലമില്ല
രാത്രിയിൽ വെളിച്ചക്കുറവ് മൂലം വഴിയാത്രക്കാർക്ക് സ്ലാബ് തകർന്നു കിടക്കുന്നത് പെട്ടെന്ന് കാണാനാകാതെ വരുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു. ജനപ്രതിനിധികളോടടക്കം പരാതിപ്പെട്ടിട്ടും ഫലമില്ലെന്നും ഓടകൾ നന്നാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നുമാണ് കാൽനടയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.