t

മരുത്തടി: കൊല്ലം കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽപ്പെടുന്ന മുത്തേഴത്ത് കിഴക്കേത്തറ ജംഗ്‌ഷനിൽ പാലം നിർമ്മാണത്തിനായി തോടിന്റെ ഒരുഭാഗം മണൽചാക്ക് നി​രത്തി​യും മറുഭാഗം മണ്ണിട്ടു മൂടിയും തടയണ കെട്ടിയതിനാൽ ഒഴുക്ക് നി​ലച്ചിട്ട് നാളുകൾ. കാലവർഷത്തി​ൽ പ്രദേശമാകെ വെള്ളത്തി​ലാകുമോ എന്ന ആശങ്കയി​​ലാണ് നാട്ടുകാർ. കരാറുകാരന്റെ മെല്ലെപ്പോക്കും ജലസേചന വകുപ്പ് അധി​കൃതരുടെ നി​സംഗതയുമാണ് പ്രതി​സന്ധി​ സൃഷ്ടി​ച്ചതെന്ന് പ്രദേശവാസി​കൾ ആരോപി​ക്കുന്നു.

വർഷകാലത്ത് ദേശീയപാതയിൽ നിന്നുൾപ്പെടെ ഒഴുകി വരുന്ന വെള്ളമാണ്, വട്ടക്കായലിൽ മറിഞ്ഞു തോട് വഴി റോഡ് മുറിച്ചു കടന്നു കട്ടക്കൽ കായൽ വഴി കടലിലേക്കെത്തുന്നത്. റോഡി​ലെ കലുങ്ക് താഴ്‌ന്നു മണ്ണുമൂടിയതിനെ തുടർന്നാണ് ഇരുകരകളെയും ബന്ധിപ്പിക്കാൻ രണ്ട് സ്‌പാനുകളും മദ്ധ്യത്ത് ഒരു സ്‌പാനുമുൾപ്പെടെ പാലം നിർമ്മിക്കാൻ 50 ലക്ഷം രൂപ നഗരസഞ്ചയ പദ്ധതി പ്രകാരം കോർപ്പറേഷൻ ജസസേചന വകുപ്പിന് കൈമാറിയത്. ജലസേചന വകുപ്പ് ടെണ്ടർ ചെയ്‌ത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പാലത്തിന്റെ പണി ഏകദേശം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിനൊപ്പമുള്ള ചില കോൺക്രീറ്ര് ജോലികൾ നീട്ടിക്കൊണ്ടു പോകുന്നതിനാൽ തടയണകൾ നീക്കാനാകുന്നില്ല.

കോർപ്പറേഷൻ ജലസേചന വകുപ്പിന് 50 ലക്ഷം മുൻകൂർ കൈമാറിയിട്ടാണ് പണി ആരംഭിച്ചത്. എന്നിട്ടും എന്ത് കാരണത്താലാണ് പണി വൈകിപ്പിച്ചു തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തി വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന്

രണ്ടാം ഡിവിഷൻ കൗൺസിലർ എം. പുഷ്‌പാംഗദൻ പറഞ്ഞു. കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി മുണ്ടേഴം ബാബു പറയുന്നു, ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പണി മെല്ലെപ്പോക്കിലാകാൻ കാരണം. ഇരുവശത്തും ഒഴുക്ക് നിലച്ചു വെള്ളം ഉയർന്നാൽ പാലത്തിലൂടെയുള്ള ഗതാഗതത്തിനും തടസമാകും. ഇതുവഴി ഉണ്ടായിരുന്ന ഒരു ബസ് സർവ്വീസ് ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് ആശ്വാസമായിരുന്നു. പാലം പൂർത്തിയാകാത്തതിനാൽ അതും മുടങ്ങി. വേനൽമഴ ശക്തമാകാത്തത് ഒരർത്ഥത്തിൽ അനുഗ്രഹമായി. അല്ലെങ്കിൽ തോടിന്റെ ഇരു കരയിലെയും വീടുകൾ വെള്ളത്തിലാകുമായിരുന്നു. കലുങ്ക് പൊളിച്ച ശേഷം ഈ കരകളിലെ കുടിവെള്ള പൈപ്പുകളും ശരിയായിട്ടില്ലെന്ന് ബി.ജെ.പി ശക്തികുളങ്ങര നോർത്ത് ഏരിയ വൈസ് പ്രസിഡന്റ്കെ. ശശീന്ദ്രൻ പറയുന്നു.

എന്നാൽ ജലസേചന വകുപ്പ് അധി​കൃതർ പറയുന്നത് പണിയുടെ സൗകര്യത്തിനാണ് കരാറുകാരൻ ബണ്ടുകൾ നിർമ്മിച്ചതെന്നാണ്. . കരാറിൽ ഇല്ലാത്തതാണ് ബണ്ട്. മഴക്കാലത്തെ തോട്ടിലെ നീരൊഴുക്ക് പരിഗണിച്ച് എത്രയും പെട്ടെന്ന് ബണ്ട് പൊളിച്ചു നീക്കാൻ നിർദേശം നൽകും