photo
കരുനാഗപ്പള്ളി ടൗണിൽ സ്റ്റാന്റുകൾ നഷ്ടപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളികൾ

കരുനാഗപ്പള്ളി: ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചതോടെ കരുനാഗപ്പള്ളിയിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ - ടാക്ലി സ്റ്റാൻഡുകൾ പൂർണമായും നീക്കം ചെയ്തതാണ് ഡ്രൈവർമാർക്ക് വിനയായത്. നിലവിലുള്ള സ്റ്റാൻഡുകൾ എന്നത്തേക്ക് പുന:സ്ഥാപിക്കാൻ കഴിയുമെന്ന് പറയാൻ പൊലീസിനോ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കോ കഴിയുന്നില്ല. ദേശീയപാതയിൽ ഓടയുടെ നിർമ്മാണമാണ് ദ്രുതഗതിയിൽ ഇപ്പോൾ നടക്കുന്നത്. ഫ്ളൈ ഓവറിന്റെ നിർമ്മാണവും ആരംഭിച്ച് കഴിഞ്ഞു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തു നിന്ന് ആരംഭിക്കുന്ന ഫ്ലൈ ഓവർ കരോട്ട് മുക്കിന് വടക്ക് ഭാഗത്താണ് അവസാനിക്കുന്നത്. 720 മീറ്ററാണ് നീളം.

ഓട്ടോസ്റ്റാൻഡുകൾ മാറ്റി

ഫ്ലൈഓവറിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓട്ടോസ്റ്റാൻഡുകൾ മാറ്റേണ്ടി വന്നത്. പുതിയകാവ്, പുള്ളിമാൻ ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിന് മുൻവശം, തിരുകാവ്, പെട്രോൾ പമ്പ്, എസ്.ബി.എം ആശുപത്രിക്ക് സമീപം, കെ.എസ്.ആർ.ടി.സി, ലാലാജി ജംഗ്ഷൻ, കരോട്ട്മുക്ക് എന്നിവിടങ്ങളിലെ സ്റ്റാൻഡുകളാണ് ഇല്ലാതായത്. ഇവിടങ്ങളിൽ മാത്രമായി 350 ഓളം ഓട്ടോറിക്ഷകളുണ്ട്.

വരുമാനം നിലച്ചു

ദേശീയപാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലാണ് യാത്രക്കാർ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്. സ്റ്റാൻഡുകൾ നിന്നതോടെ ഓട്ടോറിക്ഷകൾ പലസ്ഥലങ്ങളിലാണ് പാർക്ക് ചെയ്തിയിക്കുന്നത്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇവിടങ്ങളിൽ ഓട്ടം നന്നേ കുറവാണ്. രാവിലെ ഓട്ടോയുമായി എത്തുന്ന പല ഡ്രൈവർമാരും വെറും കൈയ്യോടെയാണ് രാത്രിയിൽ തിരികെ പോകുന്നത്. വീട്ട് ചെലവിനും മക്കളെ സ്കൂളിൽ അയക്കുന്നതിനും പണം കണ്ടെത്താൻ കഴിയാതെ ഓട്ടോറിക്ഷാ ഡ്രൈവർമാർ വലയുകയാണ്.

സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് നല്ലൊരു തക വേണ്ടി വരും. ഓട്ടം ഉണ്ടെങ്കിൽ ഇതൊന്നുമൊരു പ്രശ്നമല്ല. ദേശീയപാതയുടെ നിർമ്മാണം തീരുന്നതുവരെ ഞങ്ങളുടെ ദുരിതങ്ങളും നീണ്ട് പോകും.

ടൗണിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ഇത് പരിഹരിക്കാൻ നടപടി ഉണ്ടാകണം. ഓടയുടെ നിർമ്മാണം തീരുന്ന മുറയ്ക്ക് സ്റ്റാൻഡുകൾ പുനസ്ഥാപിക്കണം.

കെ.സി.മധു,

ഓട്ടോഡ്രൈവർ,

കരുനാഗപ്പള്ളി