ഓച്ചിറ: മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഓച്ചിറ ഗ്രാമ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാരോപിച്ച് ഓച്ചിറ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർ ഓച്ചിറ മൃഗാശുപത്രിയ്ക്ക് മുന്നിൽ ധർണ നടത്തി. മരുന്ന്, വാക്സിൻ ക്ഷാമം, ഇൻഷ്വറൻസ് പരിരക്ഷ ഇല്ലായ്മ എന്നിവ ആരോപിച്ചായിരുന്നു ധർണ. രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഇല്ലാത്തതും കാലാവസ്ഥാ വ്യതിയാനവും കാരണം ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് പശുക്കൾ മൃഗാശുപത്രി പരിധിയിൽ ചത്തിരുന്നു.കാലാവസ്ഥാ വ്യതിയാനം കാരണം പാൽ ഉത്പന്നങ്ങൾ ഗണ്യമായി കുറഞ്ഞതിന് പുറമേ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ പ്രതിരോധിക്കാനാകാതെ നട്ടം തിരിയുകയാണെന്ന് ക്ഷീരകർഷകർ. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി.എസ്.വിനോദ് ധർണ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് അയ്യാണിക്കൽ മജീദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസർ എ.മലബാർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര കർഷകരായ ശശികുമാർ, മോഹനൻ, ഓമനക്കുട്ടൻ, രാധാകൃഷ്ണൻ, മധുസൂദനൻ, അതിൽ കുമാർ, സലിം കുമാർ, സിന്ധു, പത്മിനി, ഉഷാ, ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.