കുണ്ടറ: പെരിനാട് പഞ്ചായത്ത് 11-ാം വാർഡിലെ വൈദ്യശാല ജംഗ്ഷൻ- പാറപ്പുറം പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. നിരവധി തവണ പഞ്ചായത്തിൽ പരാതി കൊടുത്തതിനെ തുടർന്ന്, ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്നൊരു ബോർഡ് മാത്രം സ്ഥാപിച്ചു. പിന്നീട് ഇത് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഒ
രു വശത്ത് താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലം ആകുമ്പോൾ കിണറുകളിലേക്ക് മാലിന്യം ഊർന്നിറങ്ങും. ആൾപ്പാർപ്പില്ലാതെ കിടക്കുന്ന ഈ പുരയിടത്തിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും ഏറി വരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാലിന്യങ്ങൾ കുന്നു കൂടുമ്പോൾ മാത്രമാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്തുന്നത്. വിഷയത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകി.