ചാത്തന്നൂർ: കല്ലുവാതുക്കൽ പാറ ജംഗ്ഷനിലുള്ള ഇരുപതുകെട്ടിടം കോളനിയിലേയ്ക്ക് ദേശീയ പാതയിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള പാത നിർമ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ദേശീയ പാതയിൽ നിന്ന് കോളനിയിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച പടികളായിരുന്നു കോളനിക്കാർ വർഷങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പടികൾ പൊളിച്ചുമാറ്റിയതോടെ കോളനിയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
നിലവിൽ കോളനിയിൽ നിന്ന് ദേശീയ പാതയിൽ എത്താൻ കോളനിയുടെ പിറകുവശത്തുകൂടി ഊഴായിക്കോട് റോഡിൽ വളരെ ദൂരം സഞ്ചരിക്കണം. കോളനിയിലേക്ക് പ്രവേശിക്കാൻ മുൻപ് ഉണ്ടായിരുന്ന പടികൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ കോളനി ഒറ്റപ്പെടുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നും അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നുംകോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഷാജിലാൽ, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാറയിൽ മധു എന്നിവർ പറഞ്ഞു.