ccc
കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൻ ഏലാതോട് പുല്ലും പാഴ്ചെടികളും നിരന്ന് മൂടിയ നിലയിൽ

കൊട്ടാരക്കര: ജില്ലയുടെ നെല്ലറയായ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായോട് ചേർന്നുള്ള ഏലാത്തോട് തെളിക്കാത്തത് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏലാത്തോട്ടിൽ പുല്ലും പാഴ് ചെടികളും വളർന്ന് നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്. കൂടാതെ മാലിന്യം വന്നടിഞ്ഞ‌് മൂടിയ അവസ്ഥയിലുമാണ്. ശക്തമായ മഴയിൽ കുത്തിയൊഴുകി വരുന്ന വെള്ളം തോടിന്റെ വരമ്പുകൾ തകർത്ത് ഏലായിലൂടെ പരന്നൊഴുകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഒന്നാം വിള കൃഷിയിൽ കൊയ്യാറായ എക്കറുകണക്കിന് നെൽകൃഷി നശിച്ചിരുന്നു. ഇപ്പോൾ ഒന്നാം കൃഷി ചെയ്യേണ്ട സമയമായി. എന്നാൽ ഏലാത്തോട് തെളിക്കാത്തത് നെൽകർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്.

കൃഷി ഉപേക്ഷിക്കേണ്ടി വരും

തോട് തെളിച്ചില്ലെങ്കിൽ നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് ഏലാസമിതി ഭാരവാഹികൾ പറയുന്നു. ഏലായിൽ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം തോട് നികന്ന് നെൽച്ചെടികൾ നിരന്നു നിൽക്കുന്ന പാടത്തുകൂടിയാണ് വെള്ളംഒഴുകുന്നത്. കഴിഞ്ഞ വർഷം പതിനഞ്ചോളം ഏക്കറിലെ കൊയ്യാറായ നെല്ലാണ് നശിച്ചത്. കൃഷി ഭവനോ ,ബന്ധപ്പെട്ടവരോ കർഷകരെ സഹായിക്കുവാൻ തയ്യാറായില്ല.

ഇനിയും കൃഷി നശിക്കാതിരിക്കാൻ കൃഷി വകുപ്പും ത്രിതല പഞ്ചായത്തും ഇടപെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഏലാതോട് തെളിച്ചു നൽകണം.

ബി. ചന്ദ്രശേഖര പിള്ള ( സെക്രട്ടറി)

സി.വിജയകുമാർ (പ്രസിഡന്റ് )

പാട്ടുപുരയ്ക്കൽ ഏലാസമിതി