പുനലൂർ: വനം വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് സി.പി.എം, സി.ഐ.ടി.യു സംഘടനകൾ നടത്തി വന്ന സമരത്തെ തുടർന്ന് പിൻവലിച്ചു. വന്യജീവി അക്രമണം തടയാൻ തോട്ടം ഉടമകളും കൃഷിക്കാരും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തോട്ടങ്ങളും, കൃഷി ഭൂമികളും വനം വകുപ്പ് ഏറ്റെടുക്കുമെന്നായിരുന്നു ഉത്തരവ് ഇറക്കിയത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതാക്കൾ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം നൽകുകയും വിവാദമായ ഉത്തവ് ഇന്നലെ വൈകിട്ട് 4ന് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് കത്തിക്കുകയും ചെയ്തതിനെ തുടർന്നാണ് പിൻ വലിച്ചത്. ഡി.എഫ്.ഓഫിസിന് മുന്നിൽ നടന്ന ഉത്തരവ് കത്തിക്കൽ പരിപാടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.ചന്ദ്രാനന്ദൻ അദ്ധ്യക്ഷനായി. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, ആര്യങ്കാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.പ്രദീപ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.സുരേഷ്, എസ്.വിനോദ്,പി.രാജു, ബിജുലാൽ പാലസ്, ബിനുമാത്യൂ, കർഷകസംഘം ഏരിയ പ്രസിഡന്റ് ജിജി കെ.ബാബു ,പി.വിജയൻ, വി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.