കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം. 19 വരെ നടക്കുന്ന ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അദ്ധ്യക്ഷനാകും. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി.ഷൈൻ ദേവ്, ക്യാമ്പ് ഡയറക്ടറും നടിയുമായ ഗീതി സംഗീത എന്നിവർ സംസാരിക്കും. തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾ പങ്കെടുക്കും. സംവിധായകരായ സിദ്ധാർത്ഥ ശിവ, വിധു വിൻസെന്റ്, ഛായാഗ്രാഹകൻ മനേഷ് മാധവൻ, നടന്മാരായ രാജേഷ് ശർമ്മ, എ.എസ്.ജോബി, ചലച്ചിത്ര നിരൂപകനും നടനുമായ കെ.ബി.വേണു, നിരൂപകനും ഗാനരചയിതാവുമായ ഡോ. ജിനേഷ് കുമാർ എരമം, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, ചർച്ച, ചലച്ചിത്രപ്രവർത്തകരുമായുള്ള സംവാദം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. മികച്ച ക്യാമ്പ് അംഗത്തിനും മികച്ച ക്യാമ്പ് അവലോകനം തയ്യാറാക്കിയ വിദ്യാർത്ഥിക്കും 2000 രൂപ വീതം ക്യാഷ് അവാർഡുണ്ട്.