എഴുകോൺ : ടാറും മെറ്റലും ഇളകി തകർന്ന എഴുകോണിലെ ഗ്രാമീണ റോഡുകൾ നന്നാക്കുന്നത് വൈകുന്നു. കുഴികൾ നിറഞ്ഞ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്.
പോച്ചംകോണം ഇ.എസ്.ഐ റോഡാണ് തകർന്ന് കിടക്കുന്ന ഒരു പ്രധാന പാത. പോച്ചം കോണത്ത് നിന്ന് അറുപറക്കോണം ടെക്നിക്കൽ സ്കൂൾ വരെയുള്ള ഭാഗത്താണ് ഏറെ ദുരിതം. ഇരു ചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ഇതു വഴിയുള്ള യാത്ര ഏറെ സാഹസികമാണ്. എഴുകോൺ ഇ.എസ്.ഐ ആശുപത്രി മുതൽ നെടുമ്പായിക്കുളം വരെയുള്ള പാതയാണ് മറ്റൊന്ന്. ഏറെ തിരക്കുള്ള ആശുപത്രിയിലേക്കുള്ള പ്രധാന മാർഗമാണിത്.
8.50 ലക്ഷം രൂപ
പഞ്ചായത്ത് വകയിരുത്തി
ടാറിളകി തകർന്ന റോഡുകൾ
എഴുകോൺ ഗ്രാമ പഞ്ചായത്ത് 8.50 ലക്ഷം രൂപ വകയിരുത്തി ഒന്നിലേറെ തവണ ടെണ്ടർ നോട്ടീസ് നൽകിയെങ്കിലും ആരും കരാർ ഏറ്റെടുത്തിട്ടില്ല.
എഴുകോൺ പൊലീസിന് പുതിയ സ്റ്റേഷൻ പണിയുന്ന വെട്ടിലിക്കോണം ഭാഗത്തെ റോഡും തകർന്ന നിലയിലാണ്.ഇ.എസ്.ഐ റോഡുമായി ചേരുന്നതാണ് കൊച്ചാഞ്ഞിലിൻമൂട് നിന്ന് മലവിള ഭാഗം വഴി വെട്ടിലിക്കോണത്തേക്ക് എത്തുന്ന ഈ റോഡ്. ദേശീയപാതയിൽ നിന്ന് വട്ടമൺകാവിലേക്കുള്ള റോഡിന്റെ എഴുകോൺ മൂഴിയിൽ ഭാഗവും തകർന്ന് കിടക്കുകയാണ്. ഏറെ തിരക്കുള്ളതാണ് ഈ റോഡ്. മിക്ക സ്ഥലത്തും ടാറിളകി പോയിട്ട് വർഷങ്ങളായി.
പോച്ചംകോണം അറു പറക്കോണം നെടുമ്പായിക്കുളം ഇടയ്ക്കോട് റോഡ് 4 കോടി രൂപ ചെലവിൽ നന്നാക്കുന്നതിന് നടപടികളായിട്ടുണ്ട്. മന്ത്രി കെ.എൻ. ബാലഗോപാൽ ഇടപെട്ടാണ് ബി.എം.ബി.സി. നിലവാരത്തിൽ ഈ റോഡ് നവീകരിക്കുന്നത്.
എ. അഭിലാഷ്
പ്രസിഡന്റ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്.
എഴുകോൺ പൊലീസിന്റെ പുതിയ സ്റ്റേഷനിലേക്കുള്ള റോഡെന്ന നിലയിൽ വെട്ടിലിക്കോണം റോഡിന്റെ നവീകരണം മന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പ് നൽകിയിട്ടുണ്ട്.
വി. സുഹർബാൻ,
വൈസ് പ്രസിഡന്റ്,
എഴുകോൺ ഗ്രാമ പഞ്ചായത്ത്