കരുനാഗപ്പള്ളി: ചെറിയൊരു കാറ്റ് വീശിയാൽ പത്ത് തവണ വൈദ്യുതി പോകും. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ആലപ്പാട് എപ്പോഴും കാറ്റ് വീശിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്ന ഇവിടുത്തെ വൈദ്യുതി തടസം പരിഹരിക്കാനാകാത്ത പ്രശ്നമായി നിലനിൽക്കുന്നു. വൈദ്യുതി തടസം പരിഹരിക്കാൻ രണ്ട് ദശാബ്ദമായി വകുപ്പ് തലങ്ങളിൽ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.
ലക്ഷങ്ങൾ മണ്ണിനടിയിൽ
സുനാമിക്ക് ശേഷം പുതിയകാവ് സബ് സ്റ്റേഷനിൽ നിന്ന് ആലപ്പാട്ടേക്ക് അണ്ടർ ഗ്രൗണ്ട് കേബിൾ വലിച്ച് കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആലോചനമുക്കിൽ കൊണ്ടുവന്ന് നിറുത്തുകയുണ്ടായി. ഇരുപത് വർഷങ്ങൾക്ക് മുമ്പ് തകരാറിലായ കേബിൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കാൻ വൈദ്യുതി വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപയാണ് മണ്ണിനടിയിൽ നിക്ഷേപിച്ചിരിക്കുന്നത്.
പുതിയകാവ് സബ് സ്റ്റേഷന്റെ പരിധിയിൽ
ആലപ്പാട് ഗ്രാമപഞ്ചായത്ത് ഇപ്പോഴും ഓച്ചിറ, പുതിയകാവ് സബ് സ്റ്റേഷനുകളുടെ പരിധിയിലാണ്. പണികർക്കടവ്, ചെറിയഴീക്കൽ, കാട്ടിൽക്കടവ്, ആലപ്പാട്, വള്ളിക്കാവ്, അമൃതപുരി, അഴീക്കൽ എന്നീ ഫീഡറുകൾ ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ്. ഇതിൽ അമൃതപുരി, അഴീക്കൽ എന്നീ ഫീഡറുകൾ ഓച്ചിറ സബ് സ്റ്റേഷന്റെ നിയന്ത്രണത്തിലും പണിക്കർകടവ്, ചെറിയഴീക്കൽ, വള്ളിക്കാവ് എന്നീ ഫീഡറുകൾ പുതിയകാവ് സബ് സ്റ്റേഷന്റെ നിയന്ത്രണത്തിലുമാണ്. കരുനാഗപ്പള്ളി , ഓച്ചിറ ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന ഫീഡറുകളിൽ വൈദ്യുതി തടസം ഉണ്ടായാൽ ആലപ്പാട് പഞ്ചായത്തിൽ വൈദ്യുതി പോകും. ആലപ്പാട് ഗ്രാമപഞ്ചായത്തിന് മാത്രമായി ഒരു ഫീഡർ ഇല്ല.
ജീവനക്കാരുടെ ക്ഷാമം
മുൻ കാലങ്ങളിൽ 11 കെ.വി ലൈനിൽ വൈദ്യുതി തകരാറ് സംഭവിച്ചാൽ ലൈൻമാൻമാർക്ക് തകരാറ് പരിഹരിക്കാമായിരുന്നു. എന്നാൽ നിലവിൽ സബ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഇത്തരം ജോലികൾ ചെയ്യാൻ പാടുള്ളു എന്നാണ് നിർദ്ദേശം. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ചെറിയഴീക്കൽ കേന്ദ്രമാക്കി വൈദ്യുതി ഭവന്റെ ഓഫീസ് ഉണ്ടെങ്കിലും ജീവനക്കാർ ഇല്ല. ഒരു സബ് എൻജിനീയറെയും മറ്റ് ജീവനക്കാരെയും നിയോഗിച്ചാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.