ചെറി​യ പണി​കൾ മാത്രം ബാക്കി​യെന്ന് കരാറുകാരൻ

കൊല്ലം: ജി​ല്ലാ ആശുപത്രി​യി​ലെ ഓപ്പറേഷൻ തീയേറ്റർ അറ്റകുറ്റപ്പണി​ക്കായി​ അടച്ച് അഞ്ചുമാസം പി​ന്നി​ട്ടി​ട്ടും തുറക്കാൻ നടപടി​യി​ല്ല. എത്രനാൾ ഇനി​യും കാത്തി​രി​ക്കണമെന്ന ചോദ്യങ്ങൾക്കു മുന്നി​ൽ കൈമലർത്തുകയാണ് ആശുപത്രി​ അധി​കൃതർ.

കതക് ഇടാനുള്ള ജോലി മാത്രമാണ് ബാക്കിയുള്ളതെന്നും ഒരാഴ്ചയ്ക്കുള്ളിൽ പണിപൂർത്തിയാകുമെന്നുമാണ് കരാറുകാരൻ പറയുന്നത്. നിർമ്മാണ സാമഗ്രി​കൾ കൂടുതലും കേരളത്തിന് പുറത്തു നിന്നാണ് എത്തിക്കുന്നത്. ഇതിലെ കാലതാമസം നിർമ്മാണത്തെയും ബാധിച്ചുവെന്നാണ് പണി വൈകുന്നതിന് നൽകുന്ന വിശദീകരണം. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ജോലികൾക്ക് കാലതാമസം നേരിട്ടതും നവീകരണം വൈകാൻ കാരണമായി. ഒരുപാട് പഴക്കമുണ്ടായി​രുന്ന തീയേറ്ററിൽ അണുബാധ സാദ്ധ്യതകളെല്ലാം ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരണം തുടങ്ങിയത്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഓപ്പറേഷൻ തീയേറ്ററിലെ ജോലികൾ. ഇതിന്റെ ഭാഗമായുള്ള സ്വാഭാവിക കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്. ടൈൽസ് ഇടലും വൈദ്യുതീകരണവും സീലിംഗും പൂർത്തിയായി. കഴിഞ്ഞ നവംബറിലാണ് ഓപ്പറേഷൻ തീയേറ്റർ താത്കാലികമായി അടച്ചത്. നവംബറിൽ നടപടികൾ ആരംഭിച്ചെങ്കിലും ഡിസംബർ ആദ്യ ആഴ്ചയാണ് പണികൾ തുടങ്ങിയത്.

ചെലവ് 50 ലക്ഷം

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.ഇലക്ട്രിക് ജോലികൾ ഉൾപ്പെടെ 50 ലക്ഷം രൂപയാണ് ആകെ ചെലവ്. ക്യാൻസർ രോഗികൾ ഉൾപ്പെടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ശസ്ത്രക്രിയ വൈകുന്നത് ഇവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. മറ്റുള്ളവരെ വി​വി​ധ ആശുപത്രികളിലേക്കും റഫർ ചെയ്യുകയാണ്. ഒരേസമയം ആറുവരെയും ദിവസം പത്ത് മുതൽ പതിനഞ്ച് വരെയും ശസ്ത്രക്രിയകളാണ് ജില്ലാശുപത്രിയിൽ നടന്നിരുന്നത്.