ccc
നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിലെ തകർന്ന ഓടകൾ

കൊട്ടാരക്കര: നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിലെ ഓടകൾ അപകടക്കെണിയാകുന്നു. കൊല്ലം, തേനീ ദേശീയ പാതക്ക് സമീപത്തു നിന്ന് നെടുവത്തൂർ ചിറക്കടവ് ദേവീ ക്ഷേത്രത്തിലേക്കും നെടുവത്തൂർ ദേവി വിലാസം യു.പി സ്കൂളിലേക്കും പോകുന്ന ഇട റോഡിനോട് ചേർന്ന ദേശീയ പാതയിൽ ഓടക്ക് മുകളിൽ സ്ളാബുകൾക്കു പകരം സ്ഥാപിച്ചിരിക്കുന്ന മെറ്റൽ റോളുകൾ ഇളകിമാറിയത് അപകടത്തിന് കാരണമാകുന്നു. അതിനാൽ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മഴ കനത്തതോടെ ഇവിടെ മെറ്റലുകൾ ഇളകിത്തെറിച്ച് ചിതറിക്കിടക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇളകിയ മെറ്റലുകൾ യാത്രക്കാരുടെ മേൽ തെറിച്ചു വീണും അപകടമുണ്ടാകുന്നു. ജംഗ്ഷനിലെ സീസൺ ബേക്കറിയുടെ സമീപം റോഡിന് മദ്ധ്യഭാഗത്താണ് മെറ്റൽ ഇളകിപ്പോയിട്ടുള്ളത്. പി.ഡബ്ളിയു.ഡിയോ ഗ്രാമ പഞ്ചായത്തോ ജന പ്രതിനിധികളോ ഇടപെട്ട് ജംഗ്ഷനിലെ അപകടക്കെണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.