punalor-

കൊല്ലം: ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജനെ ശുചിത്വ മിഷൻ പദ്ധതി പ്രകാരം പുനലൂർ നഗരസഭയുടെ അംബാസഡറായി കൗൺസിൽ യോഗം ഐക്യകണ്‌​ഠേന തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച പ്രഖ്യാപനം നഗരസഭ ചെയർപേഴ്‌​സൺ കെ. പുഷ്പലത നിർവഹിച്ചു.
നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പുനലൂരിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം, മഴക്കാലജന്യ പ്രതിരോധ പ്രവർത്തനത്തിന്റെ സഭാതല ഉദ്ഘാടനം എന്നിവ നിർവ്വഹിക്കവെയാണ് പ്രഖ്യാപനമുണ്ടായത്. വൈസ് ചെയർമാൻ ജി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഡി. ദിനേശൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, അഡ്വ. അനസ്, ബി. സുജാത തുടങ്ങിയവർ സംസാരിച്ചു.
രോഗപ്രതിരോധത്തെപ്പറ്റി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിവിധ വകുപ്പ് മേധാവികൾ, കുടുംബശ്രീ, ഹരിതകർമ്മസേന, സാക്ഷരതാമിഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ പദവി ഏറ്റെടുത്തതായും അതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പുനലൂർ സോമരാജൻ പറഞ്ഞു.