d
കമ്മിഷണർ ഓഫീസ് ആർ.ഒ.ബി കാവനാട്- മേവറം പാതയുമായി ചേരുന്ന ഭാഗം (ഫയൽ ചിത്രം)

 നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ വിശദമായ സർവേ നടത്തും

കൊല്ലം: വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള ആശയക്കുഴപ്പങ്ങളും അപകടങ്ങളും ഒഴിവാക്കാൻ കൊല്ലം കമ്മിഷണർ ഓഫീസ് ആർ.ഒ.ബി, കാവനാട്- മേവറം പാതയുമായി ചേരുന്ന ഭാഗത്ത് ജംഗ്ഷനുകളുടെ മാതൃകയിൽ ട്രാഫിക് റൗണ്ട് സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതിനായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വിശദമായ സർവേ നടത്തും. സ്കൂൾ തുറന്ന് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ പരമാവധി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാകും സർവേ നടത്തുക.

ഇവിടുത്തെ പ്രശ്നം പഠിക്കാൻ മൂന്നാഴ്ച മുൻപ് നാറ്റ്പാക് സംഘം സ്ഥലം സന്ദർശിച്ചിരുന്നു. അതിന് ശേഷം പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് വിശദമായ സർവേയ്ക്ക് തീരുമാനമായത്. കന്റോൺമെന്റ് മൈതാനത്തിന്റെ നേരിയ ഭാഗം കൂടി പ്രയോജനപ്പെടുത്തി സ്ഥലത്തെ റോഡിന്റെ വീതി വർദ്ധിപ്പിച്ച് ട്രാഫിക് റൗണ്ട് സംവിധാനം കൂടുതൽ വിപുലപ്പെടുത്താനാണ് ആലോചന. സർവേയിൽ ഇത് ഫലപ്രദമാകില്ലെന്ന നിഗമനത്തിലെത്തിയാലേ ട്രാഫിക് സിഗ്നൽ സംവിധാനത്തെക്കുറിച്ച് ആലോചിക്കു. വർഷങ്ങൾക്ക് മുൻപ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലത്ത് വിപുലമായ ട്രാഫിക് റൗണ്ട് സംവിധാനം ഏർപ്പെടുന്നതിനുള്ള പഠനത്തിനായി നഗരാസൂത്രണ വിഭാഗത്തെ നഗരസഭ ചുമതലപ്പെടുത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

സിഗ്നൽ വന്നാൽ ഗതാത സ്തംഭനം

സ്ഥലത്തെ കൺഫ്യൂഷൻ ഒഴിവാക്കാൻ ട്രാഫിക് സിഗ്നൽ ഏർപ്പെടുത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സിഗ്നൽ വരുമ്പോൾ സ്ഥലത്ത് ഗതാഗത സ്തംഭനം രൂപപ്പെടും. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് കൊട്ടിയത്തേക്കും കൊട്ടിയത്ത് നിന്ന് കൊച്ചുപിലാംമൂട്ടിലേക്കുമുള്ള വാഹനങ്ങൾ ഇപ്പോൾ സുഗമമായാണ് ഇതുവഴി കടന്നുപോകുന്നത്. സിഗ്നൽ വരുന്നതോടെ ഈ രണ്ട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം അനാവശ്യമായി തടസപ്പെടും. ആർ.ഒ.ബിയിൽ നിന്ന് കൊട്ടിയം, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ആർ.ഒ.ബിയിലും പ്രവേശിക്കുന്നതിനാണ് കൺഫ്യൂഷനുള്ളത്. ഈ ദിശകളിലേക്കുള്ള വാഹനങ്ങളാണ് പലപ്പോഴും ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത്.