നെടുവത്തൂർ : നീലേശ്വരത്തെ ജലജീവൻ പദ്ധതി പ്രകാരമുള്ള ഗാർഹിക കണക്ഷനുകൾ നോക്കുകുത്തിയാകുന്നു. പ്രദേശത്തെ ഏകദേശം 500 വീടുകളിലേക്ക് ലൈൻ വലിച്ചു ടാപ്പും മീറ്ററും സ്ഥാപിച്ചെങ്കിലും മുടങ്ങാതെ 149 രൂപയുടെ പ്രതിമാസ ബില്ല് മാത്രമാണ് മിച്ചം.
ഇടവഴികളിൽ പൈപ്പ് കുഴിച്ചിട്ട് കണക്ഷൻ നൽകിയെങ്കിലും ടാങ്ക് സ്ഥാപിച്ച് സുഗമമായ പമ്പിംഗിന് അധികൃതർ ശ്രമിക്കുന്നില്ല എന്നതാണ് വസ്‌തുത.ഏകദേശം 100 വീടുകളിൽ നൂൽവണ്ണത്തിലാണ് പെപ്പിൽ നിന്ന് വെള്ളം ലഭിക്കുന്നത്. ഇടിയൻകുന്നിൽ നിർമ്മാണം നടക്കുന്ന ഓവർഹെഡ് ടാങ്ക് പൂർത്തിയായാൽ പ്രശ്‌നം തീരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ടു കുറേ കാലമായെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ജലജീവൻ മിഷൻ വരുന്നതിന് മുമ്പ് സ്വന്തമായി ജല അതോറിട്ടിയുടെ ഗാർഹിക കണക്ഷനുകൾ ഉണ്ടായിരുന്നപ്പോൾ ആഴ്‌ച്ചയിൽ രണ്ടു ദിവസമെങ്കിലും വെള്ളം ലഭിക്കുമായിരുന്നു.
500 വീടുകളിൽ
ജലജീവൻ കണക്ഷനുകൾ
149 രൂപ
പ്രതിമാസ ബില്ല്
കോടികൾ മുടക്കിയ പദ്ധതിയിൽ നിന്ന് വരൾച്ചയിൽ ഒരു തുള്ളി വെള്ളം കിട്ടിയില്ലെങ്കിൽ എന്ത് പ്രയോജനം. അടുത്ത വരൾച്ചയുടെ കെടുതിയിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ പദ്ധതി പൂർണ അർത്ഥത്തിൽ നടപ്പിലാക്കുക എന്നതാണ് ഏക പോംവഴി .
എസ്. എൽ. മനോജ്
യൂണിയൻ കമ്മിറ്റി മെമ്പർ
എസ്.എൻ.ഡി .പി 631-ാം നമ്പർ ശാഖ
ഇത്രയും പണം മുടക്കിയ ബൃഹത്തായ പദ്ധതി നിസാര പ്രശ്‌നങ്ങളിൽ കുടുങ്ങി നീളുന്നത് നാണക്കേടാണ്. ശേഷി കൂടിയ ടാങ്കുകളും വലിയ പൈപ്പുകളും സ്ഥാപിക്കണം.
ബി.സുഗതൻ
റിട്ട. മുനിസിപ്പൽ ജീവനക്കാരൻ
30 കോടിയുടെ പദ്ധതി
ദിനം പ്രതി 16 ദശലക്ഷം
പമ്പ് ചെയ്യുന്നതിനുള്ള
പ്ലാന്റ് ഉഗ്രൻകുന്നിൽ
18 ലക്ഷം ലിറ്രർ
സംഭരണ ശേഷിയുള്ള ടാങ്ക്
ജലജീവൻ മിഷന് ചാർജ് കണക്കാക്കി തുടങ്ങിയിട്ടില്ല. ഇപ്പോൾ ലഭിക്കുന്നത് നേരത്തെയുള്ള ഗാർഹിക കണക്ഷന്റെ ബില്ലുകളാണ്. നെടുവത്തൂർ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ സ്ഥിരമായി ജലക്ഷാമമുണ്ട്. ഇടിയൻകുന്ന്, ആനയം,കരുമ്പാളൂർ എന്നിവിടങ്ങളിലായി മൂന്ന് ജലസംഭരണികൾ നിർമ്മിക്കുന്നു.ആനയം പൂർത്തിയായി. എങ്കിലും നെടുവത്തൂർ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തി കൊട്ടാരക്കര സമഗ്ര കുടിവെള്ള പദ്ധതിക്ക് ഭരണാനുമതിയായി. റീ ബിൽഡ് കേരളാ ഇൻഷ്യേറ്റീവ് പ്രകാരമുള്ള ഈ പദ്ധതി 30 കോടി മുടക്കി കല്ലടയാറ്റിൽ നിന്ന് ദിനം പ്രതി 16 ദശലക്ഷം പമ്പ് ചെയ്യുന്നതിനുള്ള പ്ലാന്റ് ഉഗ്രൻകുന്നിൽ പൂർത്തിയാക്കും .ഇതിൽ നിന്നുള്ള ജലവിതരണത്തിനായി 18 ലക്ഷം ലിറ്രർ സംഭരണ ശേഷിയുള്ള ടാങ്കിനുള്ള കരാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.18 മാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ മാത്രമെ നെടുവത്തൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു.
വാട്ടർ അതോറിറ്റി അധികൃതർ.