ennidam


കൊല്ലം: കുടുംബശ്രീ അംഗങ്ങളുടെ കല, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് വേദി​യൊരുക്കാൻ എ.ഡി.എസുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന 'എന്നിടം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം നടുവിലക്കര എ.ഡി.എസിലെ മുതിർന്ന കുടുംബശ്രീ അംഗം നാണി അമ്മ നി​​ർവഹി​ച്ചു.

കുടുംബശ്രീയുടെ 26-ാം വാർഷികത്തോടനുബന്ധിച്ചും എ.ഡി.എസുകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയിലെ 1,420 എ.ഡി.എസുകളിൽ എന്നി​ടം നടപ്പാക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങളാണ് ജില്ലയിലെ ഓരോ സി.ഡി.എസും സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങി​ൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. വിമൽചന്ദ്രൻ അദ്ധ്യക്ഷനായി .

പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.സുധ, എ.ഡി.എം.സി ജില്ലാ മിഷൻ അംഗം അനീസ് എന്നിവർ പങ്കെടുത്തു.