 ഉമയനല്ലൂർ, ശീമാട്ടി അടിപ്പാതകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുറക്കും

കൊല്ലം: ജി​ല്ലയി​ലെ ദേശീയപാത വി​കസനം 15 മാസത്തി​നുള്ളി​ൽ പൂർത്തി​യാകുമെന്ന് വി​ലയി​രുത്തൽ. കാലവർഷക്കാലത്ത് പ്രവൃത്തി​കൾ മന്ദഗതി​യി​ലാകുമെന്നതി​നാൽ അതി​വേഗമാണ് നി​ർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഉമയനല്ലൂർ, ശീമാട്ടി എന്നിവിടങ്ങളിൽ നിർമ്മിച്ച അടിപ്പാതകൾ മൂന്നാഴ്ചയ്ക്കുള്ളിൽ തുറക്കും. ഈ ഭാഗത്ത് സർവ്വീസ് റോഡ് വഴി എത്തുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ ആറുവരിപ്പാത മുറിച്ചുകടക്കാം. മുകളിലെ ആറുവരിപ്പാതയും ഗതാഗതത്തിനായി തുറക്കും.

ഉമയനല്ലൂർ, ശീമാട്ടി അടിപ്പാതകളുടെ മുകളിലും വശങ്ങളിലുമുള്ള സർവ്വീസ് റോഡുകളിലും ഗതാഗതത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇനി തെരുവ് വിളക്കുകളും ബി.സി ടാറിംഗും മാത്രമാണ് ബാക്കിയുള്ളത്. ഇവ അവസാനഘട്ടത്തിലേ ഉണ്ടാവുകയുള്ളൂ. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഗതാഗത പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ് നിർമ്മാണം ഏകദേശം തീരാറായ സ്ഥലങ്ങൾ തുറന്നുനൽകുന്നത്. വരും ദിവസങ്ങളിൽ ഈ അടിപ്പാതകളോട് ചേർന്നുള്ള ഭാഗങ്ങളിലെ ആറുവരിപ്പാതയുടെ നിർമ്മാണം വേഗത്തിലാക്കി പുതിയ പാത വഴിയുള്ള ഗതാഗതം കൂടുതൽ നീട്ടും.

55 ശതമാനം പി​ന്നി​ട്ടു


ജില്ലയിലെ രണ്ട് റീച്ചുകളിലായി നിലവിൽ ദേശീയപാത വികസനം 55 ശതമാനം പി​ന്നി​ട്ടി​ട്ടുണ്ട്. അതിവേഗം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൺസൂൺ ആരംഭിക്കുന്നതോടെ മന്ദഗതിയിലാകും. അടിപ്പാതകളുടെയും ഫ്ലൈ ഓവറുകളുടെയും ആർ.ഇ വാൾ നിർമ്മാണത്തിനായി, ഉയർന്ന പ്രദേശങ്ങൾ ഇടിച്ചുള്ള മണ്ണെത്തിക്കൽ ഈ ഘട്ടത്തിൽ നടക്കില്ല. ടാറിംഗും സ്തംഭിക്കും. ഈ കാലയളവിൽ ശേഷിക്കുന്ന ഡ്രെയിനേജ് നിർമ്മാണം പൂർത്തിയാക്കാനാണ് ആലോചന.