dhoopam
പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ യുഎഇ പ്രവാസി കൂട്ടായ്മ - ധൂപം നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ഭാരവാഹികളിൽ നിന്ന് അഹമ്മദാബാദ് ഭദ്രാസ്രാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് ഏറ്റുവാങ്ങുന്നു.

എഴുകോൺ : കാരുണ്യത്തിന്റെ മുഖമായി വീണ്ടും യു.എ.ഇയിലെ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പ്രവാസി കൂട്ടായ്മയായ ധൂപം. നിർദ്ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ഒരുക്കിയാണിത്. 10.5 ലക്ഷം രൂപ മുടക്കി രണ്ട് ബെഡ്റൂം ഉൾപ്പെടെ മറ്റു സൗകര്യങ്ങളോടെ ഒരുക്കിയ വീടിന്റെ കൂദാശ ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപനും ധൂപത്തിന്റെ മുഖ്യ രക്ഷാധികാരിയുമായ ഡോ.അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു.

അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്, ധൂപം ഭാരവാഹികളായ ടി.ജി. യോഹന്നാൻ,അനീഷ് വർഗീസ് എന്നിവരിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി.ചടങ്ങിൽ പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.ജോൺ ഗീവർഗീസ് അദ്ധ്യക്ഷനായി. ചികിത്സ സഹായം,മറ്റു ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെ അരക്കോടിയിൽ പരം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധൂപം ചെലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ധൂപത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. 2018ൽ ധൂപം സംഘടനയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യത്തെ വീട് നൽകിയത്.