ചർച്ചകളിൽ മാത്രം ഒതുങ്ങി സബ് ഡിവിഷൻ
പരവൂർ: പരവൂർ കേന്ദ്രീകരിച്ച് പൊലീസ് സബ് ഡിവിഷൻ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മുനിസിപ്പാലിറ്റിയായി ഉയർന്ന് ഏകദേശം 30 വർഷം പിന്നിട്ടിട്ടും വിവിധ സൂചികകളിൽ പരവൂർ നേട്ടങ്ങൾ കൈവരിച്ചിട്ടും ഒരു പൊലീസ് സബ് ഡിവിഷൻ ഇല്ലെന്ന പരാതിയിലാണ് നാട്ടുകാർ. കോടതികൾ, എംപ്ലോയ്മെന്റ് ഓഫീസ്, സബ് ട്രഷറി തുടങ്ങി സർക്കാർ സ്ഥാപനങ്ങൾ പലതുണ്ടെങ്കിലും പൊലീസ് സംവിധാനത്തിൽ മാത്രം പിന്നോക്കം പോയിതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ആദ്യമായി സർക്കിൾ ഓഫീസ് വന്നതും കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളുടെ സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്നതും പരവൂരിലായിരുന്നു. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസും പരവൂരിൽ വരേണ്ടതായിരുന്നെങ്കിലും നടപ്പായില്ല.
പരവൂർ പുറ്റിങ്ങൽ ദുരന്തമുണ്ടായ അവസരത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് പൊലീസ് സംവിധാനത്തിന്റെ അപര്യാപ്‌തത നേരിട്ടിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി തീരദേശ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ഇരവിപുരം സർക്കിൾ ഓഫീസ് പരവൂർ സബ് ഡിവിഷന്റെ പരിധിയിലാക്കണമെന്നുമാണ് പരവൂരിന്റെ വികസനത്തിൽ തത്പരരായ സംഘടനകളുടെ ആവശ്യം.
അതിഥി മന്ദിരം സബ് ഡിവിഷൻ ആസ്ഥാനമാക്കണം
നിർദ്ദിഷ്‌ട തീരദേശ ഹൈവേ വരുന്നതോടെ തന്ത്രപ്രധാന കേന്ദ്രമായി പരവൂർ മാറും. ഹോംസ്‌റ്റേകളും റിസോർട്ടുകളും ഉൾപ്പടെയായി വികസിച്ച വിനോദ സഞ്ചാര മേഖലയും പൊലീസ് സബ് ഡിവിഷന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ഈ അവസരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൊഴിക്കരയിലെ ഒഴിഞ്ഞു കിടക്കുന്ന അതിഥി മന്ദിരം പൊലീസ് സബ് ഡിവിഷൻ ആസ്ഥാനം ആക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഒരു മുനിസിപ്പൽ ടൗൺ എന്ന നിലയിൽ പരവൂരിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കേണ്ടത് അനിവാര്യമാണ്. പൊഴിക്കരയിൽ തീരദേശ റോഡിന് സമീപം പ്രവർത്തനരഹിതമായി കിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ അതിഥി മന്ദിരം ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ കഴിയും.
അഡ്വ.പി .ഗോപാലകൃഷ്ണൻ
വൈസ് പ്രസിഡന്റ്
പരവൂർ നഗര വികസന സമിതി
തീരദേശ പൊലീസിന്റെ ജില്ലയിലെ ഏകോപനം പരവൂരിലാക്കിയാൽ അത് കൂടി ചേർത്ത് പരവൂർ പൊലീസ് സബ് ഡിവിഷൻ എന്ന ആശയം യാഥാർഥ്യമാകും
പരവൂർ മോഹൻദാസ്
കോൺഗ്രസ് പരവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്