t

കുറഞ്ഞ സമയം കൊണ്ട് വിവരങ്ങൾ ശേഖരിക്കാം


കൊല്ലം: അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് സർക്കാർ ആവി​ഷ്കരി​ച്ച 'അതിഥി ' പോർട്ടൽ സാങ്കേതി​ക തകരാറി​ലായതോടെ 'അതിഥി മൊബൈൽ ആപ്പ്' ഉപയോഗിച്ചുള്ള വിവരശേഖരണം ശക്തമാക്കാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചു. നിലവിൽ അസി.ലേബർ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ ഇവർ മാത്രമായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ഇതിലൂടെ ആപ്പിന്റെ പ്രവർത്തനക്ഷമത ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും അതിഥി ആപ്പ് പ്ലേസ്‌റ്റോറിലുൾപ്പെടെ ലഭ്യമാക്കുക. ആപ്പ് വഴിയുള്ള വിവരശേഖരണം ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്.

ആപ്പ് പുറത്തിറക്കിയാൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർക്ക് പുറമേ തൊഴിലാളികൾ, കോൺട്രാക്ടർമാർ, തൊഴിലുടമകൾ എന്നിവർക്കും സ്വമേധയാ രജിസ്റ്റർ ചെയ്യാം. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇൻഷ്വറൻസ് പദ്ധതിയായ ആവാസി​നും തൊഴിൽ വകുപ്പ് നൽകുന്ന രജിഷ്‌ട്രേഷൻ കാർഡാണ് ഉപയോഗിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ബംഗാളി ഉൾപ്പെടെയുള്ള ഭാഷകൾ ആപ്പിൽ ലഭിക്കും.

2018ലെ ആവാസ് യോജന പരി​ശോധന പ്രകാരം ജി​ല്ലയി​ൽ ഒരു ലക്ഷത്തിൽ പരം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നായിരുന്നു തൊഴിൽ വകുപ്പിന്റെ കണക്ക്. അതേസമയം കൊവിഡിന് ശേഷം എത്ര തൊഴിലാളികളുണ്ടെന്ന കണക്ക് തൊഴിൽ വകുപ്പിന്റെ പക്കലില്ല. ജൂലായ് അവസാനി​ക്കുന്നതി​നു മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളുടെ വിവരങ്ങൾ സംസ്ഥാനതലത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം


തി​രി​ച്ചറി​യാനാവാതെ വ്യാജ ആധാർ

മറ്റ് സംസ്ഥാനങ്ങളിലെ ക്രി​മി​നലുകൾ വ്യാജ ആധാറുമായി കേരളത്തിൽ ജോലി​ ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേക്ഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തൊഴിൽ വകുപ്പ് കണക്ക് ശേഖരിക്കുമ്പോൾ തൊഴിലാളികളുടെ ആധാർ വ്യാജനാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സംവിധാനമില്ല. വ്യാജ ആധാർ കാർഡുമായി ബന്ധപ്പെട്ട പരാതികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അധികൃതർ പറഞ്ഞു.


മൊബൈൽ ആപ്പിൽ സമയലാഭം


അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം സൈറ്റിൽ നിന്ന് മൊബൈൽ ആപ്പിലേക്ക് മാറിയപ്പോൾ സമയലാഭം ഉണ്ടെന്ന് തൊഴിൽവകുപ്പ് അധികൃതർ പറയുന്നു. തൊഴിലാളികളിൽ പലരും രാവിലെ ആറിന് ജോലിക്ക് പോകുകയും രാത്രി എട്ടിന് തിരികെ എത്തുകയും ചെയ്യുന്നവരാണ്. ഇത് വിവരശേഖരണത്തിന് തടസമായിരുന്നു. ഞായറാഴ്ച ക്യാമ്പുകളിലെത്തി രജിസ്‌ട്രേഷൻ നടത്തിയാലും നെറ്റ് വർക്ക് തകരാറുകളും മറ്റും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ആപ്പിന്റെ പ്രവർത്തനം തുടങ്ങിയതോടെ ഒരാളുടെ വിവര ശേഖരണത്തി​ന് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മതി.

വിവരശേഖരണത്തിന് ക്യാമ്പുകളിലും മറ്റും പോകുന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പൊലീസും കൂടിയുണ്ടെങ്കിൽ വിവരശേഖരണം എളുപ്പം പൂർത്തിയാക്കാനാകും. വ്യാജ ആധാർ ഉള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും തിരിച്ചറിയാൻ സാധിക്കും


തൊഴിൽവകുപ്പ് അധികൃതർ