കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ ഗുണ്ടാവിളയാട്ടം. ആറു സെക്യുരിറ്റി ജീവനക്കാർക്ക് മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ആശുപത്രി വനിതാവാർഡിലേക്ക് അതിക്രമിച്ചുകയറിയവരെ തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വനിതാവാർഡിൽ

പുരുഷന്മാരെ രാത്രി കൂട്ടിരിപ്പിന് അനുവദിക്കാറില്ല. രാത്രി പത്തുമണിയോടെ വാർഡിലുള്ള പുരുഷന്മാരെ പുറത്തിറക്കുകയാണ് പതിവ്. എന്നാൽ അത് കൂട്ടാക്കാതെ വാർഡിൽ തങ്ങാൻ ശ്രമിച്ചവരും സെക്യൂരിറ്റിക്കാരും തമ്മിൽ നടന്ന തർക്കവും വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. അക്രമികൾ പുറത്തു നിന്ന് കൂടുതൽ പേരെ വിളിച്ചു വരുത്തി സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ്, ബൈജു, പ്രദീപ്, ഗോപകുമാർ തുടങ്ങിയവർ മ‌ർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ കൂടുതൽ ഫോഴ്സിനെ വരുത്തുവാനോ തയ്യാറായില്ലെന്ന് ആശുപത്രി ജീവനക്കാർ പരാതിപ്പെട്ടു. ഡോ.വന്ദനാദാസ് ഡ്യൂട്ടിക്കിടയിൽ കൊലചെയ്യപ്പെട്ട സംഭവത്തെ തുടർന്നാണ് ആശുപത്രിയിൽ പരിശീലനം നേടിയ പത്ത് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. എല്ലാ ദിവസവും രാത്രിയിൽ ആറുപേർ ഡ്യൂട്ടിക്കുണ്ടാകും. രാവിലെ സ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിൽ അക്രമം കാട്ടിയതിനും ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ അതിക്രമം കാണിച്ച കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തി അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, നഗരസഭ കൗൺസിലർ അരുൺ കാടാംകുളം, ബി.സുജിത്, ആർ.എസ്. ഉമേഷ് എന്നിവർ പറഞ്ഞു.