പേരയം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും ശുചീകരണ യജ്ഞം നടത്താൻ പേരയം പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വാർഡ് മെമ്പർമ്മാരുടെ നേതൃത്ത്വത്തിൽ ഇന്നും നാളെയുമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വാർഡുതല ശുചീകരണ സമിതി യോഗങ്ങൾ ചേർന്ന് പദ്ധതി പ്രവർത്തനങ്ങൾ രൂപീകരിക്കും. ബോധവത്കരണ പ്രവർത്തനങ്ങൾക്കായി മൈക്ക് അനൗൺസ്മെന്റ്, നോട്ടീസ് പ്രചരണം എന്നിവ നടത്തും. പൊതുസ്ഥലങ്ങളും മാലിന്യ കേന്ദ്രങ്ങളും ശുചീകരിക്കും. സന്നദ്ധ പ്രവർത്തക സ്ക്വാഡുകൾ ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണം നടത്തും. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ മരുന്ന് വിതരണം ഊർജ്ജിതമാക്കും. കൊതുക് നശീകരണം, ഉറവിട മാലിന്യ സംസ്കരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, സെക്രട്ടറി ജി.ജ്യോതിഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ഷീജ ഫിലിപ്പ്, ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, പഞ്ചായത്ത് ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.