അപകടം റീഫില്ലിംങ്ങിനിടെയെന്ന് സംശയം, ആർക്കും പരിക്കില്ല
എഴുകോൺ: എഴുകോൺ ഇരുമ്പനങ്ങാട് മുകളിൽ മുക്കിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന വർക്ക്ഷോപ്പ് കെട്ടിടത്തിൽ ഉഗ്രസ്ഫോടനം. വർക്ക്ഷോപ്പിന്റെ അടച്ചിട്ടിരുന്ന ഷട്ടറും കെട്ടിട ഉടമയുടെ, സമീപത്തുള്ള വീടിന്റെ ജനാലകളും വാതിലുകളും തകർന്നു. ആർക്കും പരിക്കില്ല. സംഭവ സമയം വർക്ക്ഷോപ്പിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതും വ്യക്തമല്ല. സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവർ മുങ്ങിയെന്നാണ് സൂചന.
വെള്ളിയാഴ്ച വൈകിട്ട് 5.45നാണ് സംഭവം. കരിഞ്ചന്തയിൽ വിൽക്കാൻ പാചകവാതകം അനധികൃതമായി റീഫില്ല് ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് സിലിണ്ടറുകൾ അൻപത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണു. 75 ഓളം സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളാണ് ഏറെയും. മുകളിൽമുക്ക് കല്ലുംകര പടിഞ്ഞാറ്റതിൽ ഷീലയുടേതാണ് വർക്ക്ഷോപ്പ്. ദിവസങ്ങൾക്ക് മുൻപാണ് വാടകയ്ക്ക് നൽകിയത്. അച്ചായൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മുളവന സോനാഭവനിൽ ജയരാജനാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. എഴുകോൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സെത്തി വെള്ളമൊഴിച്ച് സിലിണ്ടറുകൾ തണുപ്പിച്ചാണ് അപകടം ഒഴിവാക്കിയത്. ഒന്നിലധികം സിലിണ്ടറുകൾ ലീക്ക് ചെയ്യുന്ന നിലയിലായിരുന്നു.
ഒഴിവായത് വൻ ദുരന്തം
ജനവാസ കേന്ദ്രത്തിൽ അനധികൃത ഗ്യാസ് ഗോഡൗൺ പ്രവർത്തിച്ച സാഹചര്യം ആശങ്കാജനകമാണ്. അംഗീകൃത ഏജൻസികളുടെ ഒത്താശയില്ലാതെ ഇത് സാദ്ധ്യമല്ലെന്നാണ് നാട്ടുകാരും പൊതു പ്രവർത്തകരും പറയുന്നത്. ഇത്രയധികം സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിക്കാൻ കഴിഞ്ഞ സാഹചര്യത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.