t

 ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം/ പന്മന: പെരുമഴ പെയ്യുന്നതിനിടെ പരിമണത്ത് മത്സ്യസംസ്കരണ ഫാക്ടറിയുടെ ഗോഡൗൺ കത്തിനശിച്ചു. നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് എതിർവശത്തുള്ള വെറോണിക്ക ചെമ്മീൻ സംസ്കരണം എന്ന ഫാക്ടറിലായിരുന്നു തീപിടിത്തം. ഇന്നലെ രാത്രി 8.20 ഓടെ ആളിപ്പടർന്ന തീ 11ഓടെയാണ് പൂർണമായും കെടുത്തിയത്. ആളപായം ഇല്ല.

ഫാക്ടറിയിൽ കാർട്ടൺ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ആദ്യം തീ പിടിത്തമുണ്ടായത്. കാർട്ടൺ പൂർണമായും കത്തിനശിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന മത്സ്യങ്ങളിലേക്കും തീ പടർന്നു..ഗോഡൗണിന്റെ മേൽക്കൂര തകരഷീറ്റ് കൊണ്ടുള്ളതായതിനാൽ മഴ ഉള്ളിലേക്ക് കടന്നില്ല. ഗോഡൗണിനോട് ചേർന്നാണ് കമ്പനിയിലെ ജീവനക്കാർ ആഹാരം പാചകം ചെയ്യുന്നതും കിടക്കുന്നതും. ഫയർഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനൊപ്പം, മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ നടത്തിയ ശ്രമങ്ങളാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇതിനിടെ, ഫയർഫോഴ്സ് കൊണ്ടുവന്ന വെള്ളം തീർന്നു. തുടർന്ന് കെ.എം.എം.എല്ലിൽ എത്തി വെള്ളം ശേഖരിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നത്.

തൊട്ടടുത്തു തന്നെ മറ്റ് കെട്ടിടങ്ങളും വീടുകളുമുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ചവറ, കരുനാഗപ്പള്ളി, ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നായി ആറ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്.