കുന്നത്തൂർ: മഴ പെയ്യണ്ട, ഇടിയോ മിന്നലോ ഉണ്ടാവേണ്ട, മാനമൊന്ന് ഇരുണ്ടാൽ പിന്നെ കുന്നത്തൂരിലും പോരുവഴിയിലും വൈദ്യുതി നോക്കണ്ട..പത്തനംതിട്ട ജില്ലയിലെ കടമ്പനാട് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിൽ വൈദ്യുതി മുടക്കം പതിവായി. പത്ത് മിനിട്ടിൽ അഞ്ച് തവണ വരെയാണ് വൈദ്യുതി പോകുന്നത്. ദിവസം മുഴുവൻ ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ മുതൽ വൈദ്യുതി വന്നും പോയുമിരുന്നതിന് കണക്കില്ലത്രേ.പലയിടത്തും ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുകയും ചെയ്തിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളും ഓൺലൈൻ സെന്ററുകളുമാണ് വലഞ്ഞവരിൽ ഏറെയും. മുടക്കത്തിന്റെ കാരണമറിയാൻ കടമ്പനാട്ടേക്ക് വിളിച്ചിട്ടും കാര്യമില്ല. മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി ഓഫ് ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.