കൊല്ലം: അഗതി മന്ദിരത്തിന്റെ മറവിൽ വിളക്കുടയിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ സ്വകാര്യ ഭൂമി കൈയേറ്റം. കൈയേറ്റം തടയാൻ ശ്രമിക്കുന്ന ഭൂഉടമയ്ക്ക് നേരെ ഡി.വൈ.എഫ്.ഐ നേതാവും കൂട്ടാളികളും ചേർന്ന് നിരന്തരം വധ ഭീഷണിയും മുഴക്കുകയാണ്. ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും പൊലീസ് കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നു. കൊല്ലം പള്ളിത്തോട്ടം കൗമുദി നഗർ 33 കാളിച്ചേരി ഹൗസിൽ അൽഫോൺസ് പേരേരയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയാണ് കൈയേറിയിരിക്കുന്നത്.

അതിർത്തിക്കല്ലുകൾ പിഴുതു, മരങ്ങൾ കടത്തി

വിളക്കുടിയിലുള്ള അഗതി മന്ദിരത്തിന്റെ പ്രധാന കെട്ടിടത്തിന്റെ എതിർവശത്തുള്ള സ്ഥലത്ത് ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുകയാണ്. ഈ സ്ഥലത്തോട് ചേർന്നുള്ള അൽഫോൺസ് പേരേരയുടെ ഭൂമിയാണ് ഇപ്പോൾ കൈയേറിയിരിക്കുന്നത്. അതിർത്തിക്കല്ലുകളെല്ലാം പിഴുത് നീക്കി കൂടുതൽ ഉയരത്തിൽ മണ്ണിട്ട് 40 സെന്റോളം ഭൂമി നിലവിൽ കൈവശപ്പെടുത്തി. ഈ സ്ഥലത്തുണ്ടായിരുന്ന അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 50 ഓളം മരങ്ങളും മുറിച്ചുകടത്തി. രേഖകൾ അടിസ്ഥാനമാക്കി ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ പുന:സ്ഥാപിക്കുന്നതും ഡി.വൈ.എഫ്.ഐ നേതാവും അഗതി മന്ദിരം അധികൃതരും തടസപ്പെടുത്തുകയാണ്. ഒന്നരമാസം മുൻപ് ഭൂമി കൈയേറുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അൽഫോൺസ് പേരേരയെ അഗതി മന്ദിരത്തിലെ ജീവനക്കാരൻ കൂടിയായ നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടകൾ ഭീഷണിപ്പെടുത്തി. തുടർന്ന് അൽഫോൺസ് പേരേര ഹൈക്കോടതിയിൽ നിന്ന് ഏപ്രിൽ 12ന് സംരക്ഷണ ഉത്തരവ് വാങ്ങി. ഡി.ജി.പി റൂറൽ എസ്.പി, കുന്നിക്കോട് എസ്.എച്ച്.ഒ, അഗതി മന്ദിരം മേധാവി, ഡി.വൈ.എഫ്.ഐ നേതാവ് തുടങ്ങിയവരെ എതിർ കക്ഷികളാക്കിയായിരുന്നു കോടതി ഉത്തരവ്. വീണ്ടും കൈയേറ്റം നടക്കുന്നതറിഞ്ഞ് സംരക്ഷണ ഉത്തരവ് ചൂണ്ടിക്കാട്ടി കുന്നിക്കോട് പൊലീസിനെയും റൂറൽ പൊലീസ് അധികൃതരെയും സമീപിച്ചെങ്കിലും ഇടപെട്ടില്ല. കൈയേറിയ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിച്ചതോടെ ഇക്കഴിഞ്ഞ 13ന് അൽഫോൺസ് പേരേര ഡി.ജി.പിയോട് പരാതിപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ കുന്നിക്കോട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചും നേതാവും അഗതി മന്ദിരം അധികൃതരും അൽഫോൺസ് പെരേരയ്ക്ക് നേരെ വധഭീഷണി മുഴക്കുകയായിരുന്നു.പൊലീസുകാർ നേതാവിന്റെ ആക്രോശങ്ങൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നതേയുള്ളു.

ഭീഷണി മുഖ്യമന്ത്രിയുടെ പേരിൽ

തങ്ങളുടെ മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്നും താൻ പറയുന്നതിന് അപ്പുറത്തേക്ക് കുന്നിക്കോട്ടെ പൊലീസ് ചലിക്കില്ലെന്നും പറഞ്ഞാണ് ഡി.വൈ.എഫ് നേതാവ് വധഭീഷണി മുഴക്കുന്നത്.