photo
കന്നേറ്റി പാലത്തിന് സമീപം പള്ളിക്കലാർ.

കരുനാഗപ്പള്ളി : മാലിന്യ മുക്തമാക്കി പള്ളിക്കലാറിന്റെ സംരക്ഷണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 21 ഗ്രാമപഞ്ചായത്തുകളിലൂടെ 42 കിലോമീറ്റർ പിന്നിട്ടാണ് പള്ളിക്കലാർ കരുനാഗപ്പള്ളിയിൽ എത്തുന്നത്. കരുനാഗപ്പള്ളിയിൽ എത്തുമ്പോഴാണ് പള്ളിക്കലാർ മലിനപ്പെടുന്നത്. ചാമ്പക്കടവ്, കല്ലുകടവ്, കന്നേറ്റി എന്നീ പാലങ്ങളിൽ അറവ് മാലിന്യങ്ങളുമായി എത്തുന്നവർ രാത്രിയുടെ മറവിൽ മാലിന്യങ്ങൾ കായലിലേക്ക് വലിച്ചെറിയുന്നതാണ് മലിനീകരണത്തിന് കാരണം. കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണസമിതിയും സംയുക്തമായി തുടക്കമിട്ട ക്ളീൻ പള്ളിക്കലാർ ചലഞ്ച് 4 ഘട്ടം പൂർത്തിയാക്കി. കായലിലേക്ക് അറവ് മാലിന്യങ്ങൾ അനിയന്ത്രിതമായി തള്ളുന്നതിനെതിരെ അധികാരികൾ നടപടി എടുക്കാതിരിക്കുന്ന സാഹചര്യത്തിൽ 10 മാസമായി കാമ്പയിൻ നിറുത്തി വച്ചിരിക്കുകയാണ്. കന്നേറ്റി,കല്ലുകടവ്, ചാമ്പക്കടവ് പാലങ്ങളുടെ ഇരുവശവും മാലിന്യങ്ങൾ തള്ളാൻ സാധിക്കാത്ത തരത്തിൽ ഇരുമ്പ് വേലിയും കാമറയും സ്ഥാപിക്കുവാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ഇതിനായി എം.എൽ.എ മാരെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ പറഞ്ഞു. മേയ്‌ അവസാനവാരം കായൽ സംരക്ഷണസന്ദേശവുമായി പുഴനടത്തം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ കൺവീനർ എച്ച്.ശബരിനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു.പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി.മഞ്ജു കുട്ടൻ,സംസ്കൃതി പരിസ്ഥിതി ക്ലബ്ബ് കോ- ഓഡിനേറ്റർ സുധീർഗുരുകുലം, കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം എ.സാദിഖ് , സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, സുനിൽ പൂമുറ്റം, എസ്.അലൻ. എന്നിവർ സംസാരിച്ചു.