കൊല്ലം:സ്‌കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് കൗൺസിൽ അംഗങ്ങൾ, സ്‌കൂൾ പ്രഥമ അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തി മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കോർപ്പറേഷൻ മേഖലയിലെ എല്ലാ സ്‌കൂളുകളിലും ജനപ്രതിനിധികളുടേയും പ്രഥമ അദ്ധ്യാപകരുടേയും പി.ടി.എ ഭാരവാഹികളുടേയും നേതൃത്വത്തിൽ സന്ദർശനം നടത്തും.

കാട് പടലുകൾ വൃത്തിയാക്കൽ, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കൽ, ഇഴജന്തുക്കൾ കയറുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കൽ, പഠനമുറികൾ വൃത്തിയാക്കൽ, അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലകൾ വെട്ടിമാറ്റൽ, പെയിന്റ് അടിക്കൽ, ബിൽഡിംഗ് മെയിന്റനൻസ്, വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ വൃത്തിയാക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഭാഗങ്ങൾ വേർതിരിച്ച് കുട്ടികളെ അപകടങ്ങളിൽ നിന്ന് ഒഴിവാക്കുന്ന നടപടികൾ, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, കറണ്ട് കണക്ഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 20ന് മുമ്പ് ഉറപ്പ് വരുത്തും എല്ലാ വെള്ളിയാഴ്ച്ചകളിലും ഡ്രൈഡേ ആചരിക്കാനും പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്‌ത്‌ റിപ്പോർട്ട് കോർപ്പറേഷനിൽ സമർപ്പിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തി.