കൊല്ലം: കാഷ്യൂ കോർപ്പറേഷൻ ഈ വർഷം 100 കോടി രൂപയുടെ ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കുമെന്ന് ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. കാഷ്യൂ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഫ്രാഞ്ചൈസികളുടെ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത നിലവാരമുള്ള കാഷ്യൂ ഉത്പന്നങ്ങളാണ് കോർപ്പറേഷന്റേതെന്ന് ഫ്രാഞ്ചൈസി യോഗത്തിൽ പങ്കെടുത്ത കസ്റ്റമേഴ്‌സ് വിലയിരുത്തി. മൂല്യവർദ്ധ ഉത്പന്നങ്ങൾ 10 എണ്ണം കൂടി ഓണക്കാലത്ത് വിപണിയിൽ ഇറക്കും. ഇപ്പോൾ 18 ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ആഭ്യന്തര വിപണനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവിനെ നിയമിക്കാനും ഓർഡർ പിടിച്ചു നൽകുന്ന തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകാനും സെയിൽസ് റെപ്രസന്റേറ്റീവ് ആകാൻ താത്പര്യമുള്ള കശുഅണ്ടി തൊഴിലാളികളുടെ മക്കളെ പരിഗണിക്കാനും യോഗം തീരുമാനിച്ചു.
ഡയറക്ടർ ഡോ.ബി.എസ്.സുരൻ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ, ഡയറക്ടർമാരായ ജി.ബാബു, ബി.സുചീന്ദ്രൻ, ശൂരനാട് എസ്.ശ്രീകുമാർ, സജീ ഡി.ആനന്ദ് കൊമേഴ്ഷ്യൽ മാനേജർ വി.ഷാജി എന്നിവരും യോഗത്തിൽ പങ്കെടുത്തു.