എഴുകോൺ : ഇരുമ്പനങ്ങാട് മുകളിൽ മുക്കിൽ പൊട്ടിത്തെറിയുണ്ടായ അനധികൃത പാചക വാതക ഗോഡൗണിന്റെ നടത്തിപ്പുകാരനെ കണ്ടെത്താനായില്ല. സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന വർക്ക്ഷോപ്പ് വാടകയ്ക്ക് എടുത്ത മുളവന സ്വദേശിയാണ് പൊലീസിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ഉഗ്ര ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയിൽ വർക്ക്ഷോപ്പിന്റെ ഷട്ടറും കെട്ടിട ഉടമയായ കല്ലുംകര പടിഞ്ഞാറ്റതിൽ ഷീലയുടെ വീടിന്റെ കതകും ജനാലകളും തകർന്നിരുന്നു. സ്ഫോടനവും തുടർന്ന് സിലിണ്ടറുകളിൽ നിന്ന് പാചക വാതകം ചോർന്നതും നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. അറുപത് സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അപകട സ്ഥലം സന്ദർശിച്ച താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കി രാത്രിയിൽ തന്നെ അടുത്തുള്ള സ്വകാര്യ ഏജൻസിയുടെ ഗോഡൗണിലേക്ക് മാറ്റിയിരുന്നു.
വെളിവായത് കരിഞ്ചന്ത വ്യാപാരം
അനധികൃത ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ വെളിവായത് ഈ മേഖലയിൽ അനസ്യൂതം തുടരുന്ന കരിഞ്ചന്ത വ്യാപാരം. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് മാറ്റിയാണ് കരിഞ്ചന്തയിൽ നൽകുന്നത്. വാണിജ്യ സിലിണ്ടറുകളിൽ നിന്ന് തന്നെ ചോർത്തിയെടുത്ത് മറ്റ് സിലിണ്ടറുകളിൽ നിറച്ചും കൃത്രിമം കാട്ടാറുണ്ട്. കരിഞ്ചന്തയിൽ കിട്ടുന്ന സിലിണ്ടറിന്റെ തൂക്കം വാങ്ങുന്നവർ പലപ്പോഴും നോക്കാറില്ല.
തുണയാകുന്നത് അലംഭാവം
അന്വേഷണത്തിലെ അലംഭാവമാണ് പലപ്പോഴും കരിഞ്ചന്തക്കാർക്ക് തുണയാകുന്നത്. അനധികൃത നടത്തിപ്പുകാരിൽ മാത്രമായി പൊലീസ് അന്വേഷണം അവസാനിക്കുകയാണ് പതിവ്. സിവിൽ സപ്ലൈസ് അധികൃതരാണ് സിലിണ്ടറുകളുടെ ഉറവിടം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടത്.
അംഗീകൃത ഏജൻസികളുടെ സഹായമില്ലാതെ കരിഞ്ചന്ത വ്യാപാരം നടത്താൻ സാധിക്കില്ല. സിലിണ്ടറുകൾ പരിശോധിച്ച് ഏജൻസികളെയും സിലിണ്ടർ ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കളെയും കണ്ടെത്താനാകും. ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാൻ തക്ക കുറ്റമായതിനാൽ പലപ്പോഴും ഇത് എങ്ങുമെത്താറില്ല.
തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടറുടെ നിർദ്ദേശ പ്രകാരമായിരിക്കും തുടരന്വേഷണം.
എൽ.സി.സീന
താലൂക്ക് സപ്ലൈ ഓഫീസർ, കൊട്ടാരക്കര.