കൊല്ലം: കായിക ഇനങ്ങളുടെ പരിശീലനം കൂടൂതൽ ഊർജ്ജസ്വലത സൃഷ്ടിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന, ശ്രീനാരായണ കോളജുകളുടെ ഓൾകേരള ഇന്റർസോൺ ക്രിക്കറ്റ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകരും അനദ്ധ്യാപകരും കായിക പരിശീലനത്തിലൂടെ ഊർജ്ജസ്വലരാകുമ്പോൾ അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ ഷോർണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. ചാത്തന്നൂർ എസ്.എൻ കോളേജ് ഫസ്റ്റ് റണ്ണർ അപ്പും ചേർത്തല എസ്.എൻ കോളേജ് സെക്കൻഡ് റണ്ണർ അപ്പുമായി. ഷോർണൂർ എസ്.എൻ കോളേജിലെ നജീം യൂനീസാണ് മാൻ ഓഫ് ദി മാച്ച്. ബെസ്റ്റ് ബാറ്റർ-അനീഷ് രാജപ്പൻ (എസ്.എൻ കോളേജ് ഷൊർണൂർ), ബെസ്റ്റ് ബൗളർ -അമൽരാജ് (എസ്.എൻ കോളേജ്, ചാത്തന്നൂർ), ബെസ്റ്റ് ഫീൽഡർ- ഡോ. കിരൺമോഹൻ (എസ്.എൻ കോളേജ്, ചാത്തന്നൂർ), ബെസ്റ്റ് ക്യാച്ച് -മണികണ്ഠപ്രസാദ് (എസ്.എൻ കോളേജ്, ചാത്തന്നൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ചേർത്തല എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു , ശ്രീനാരണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, സെക്രട്ടറി ഡോ. ആർ.വി. സുമേഷ്, ട്രഷറർ ടി. തങ്കം, എസ്.സി.ആർ.സി കൊല്ലം ചെയർപേഴ്‌സൺ ഡോ. എസ്. ഷീബ, സംസ്ഥാന കമ്മിറ്റി അംഗം സുധീപ് പി.ദാസ്, വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.