award

കൊല്ലം: മതരാജ്യമായ സൗദി അറേബ്യ വരെ അവരുടെ ചിന്തകളിൽ മാറ്റം വരുത്തിയപ്പോഴാണ് നമ്മൾ മതത്തിലേക്ക് തിരിച്ചുപോകുന്നതെന്ന് സാഹി​ത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ നടന്ന ചടങ്ങി​ൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആദിനാട് ഗോപി പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

സിനിമ പ്രദർശനങ്ങളും ഫാഷൻ ഷോകളുമെല്ലാമായി സൗദി മാറി. അപ്പോഴാണ് ഇവിടെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നത്.

കേരളം ഹിംസാത്മകതയിലേക്ക് നീങ്ങുകയാണ്. ശിശുപീഡനങ്ങൾ, അച്ഛനെ തല്ലിക്കൊല്ലുന്ന മക്കൾ, സ്ത്രീധന പീഡനങ്ങൾ എന്നി​ങ്ങനെയാണ് അനുദിനം കടന്നുപോകുന്ന വാർത്തകൾ. നല്ല കേരളത്തെ വാർത്തെടുക്കാൻ എഴുത്തുകാരും മുന്നോട്ടുവരണം. വായനക്കാർ ഒപ്പമുണ്ടെങ്കിൽ എഴുത്തിലൂടെ മാറ്റംവരുത്താൻ കഴിയും. അതിനുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതേസമയം മതനിരപേക്ഷ ഇന്ത്യയെ മതരാഷ്ട്രമാക്കണോ എന്നതാണ് വർത്തമാനകാലത്ത് എഴുത്തുകാരുടെ മുന്നിലുള്ള പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പതിവില്ലാത്തവിധം സന്യാസിമാരുടെ സാന്നിദ്ധ്യം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജെ.ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എസ്. നാസർ, വള്ളിക്കാവ് മോഹൻദാസ്, പി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.