kunnathoor-
കുന്നത്തൂർ പഞ്ചായത്തിൽ ജല അതോറിറ്റി പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട പഞ്ചായത്തുകളിൽ ആളുകൾ ഉപയോഗിക്കുന്നത് ചേലൂർ പുഞ്ചയിലെ മലിനജലം. കുന്നത്തൂർ ശുദ്ധജല പദ്ധതി വഴി കുന്നത്തൂർ പഞ്ചായത്തിൽ പൂർണമായും ഭാഗികമായും വിതരണം ചെയ്യുന്നത് ഈ മലിനജലമാണ്. കേന്ദ്ര സർക്കാർ ജൽജീവൻ മിഷൻ വഴി നടപ്പാക്കിയ കുടിവെള്ള പദ്ധതി പ്രകാരം അനുവദിച്ച ഗാർഹിക കണക്ഷനുകളിലേക്കും വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്. അതും മലിനജലം തന്നെ. കുടിവെള്ളമായി ഉപയോഗിക്കാൻ യാതൊരു തരത്തിലും കഴിയാത്ത വെള്ളമാണ് വർഷങ്ങളായി ജനങ്ങൾ കുടിക്കുന്നത്. ഇതിന്റെ പേരിൽ മാസം തോറും ലക്ഷങ്ങളാണ് വാട്ടർ അതോറിട്ടിക്ക് ബില്ല് ലഭിക്കുന്നത്.

കോളിഫോം ബാക്ടീരിയയും

ചെളി കലർന്ന ദുർഗന്ധം വമിക്കുന്ന വെള്ളമാണ് പൈപ്പുകളിൽ എത്തുന്നത്. കുടിവെള്ളത്തിനൊപ്പം ചത്തഴുകിയ ജലജീവികളും മത്സ്യങ്ങളുമടക്കം പലപ്പോഴും ലഭിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. യാതൊരു സംരക്ഷണവുമില്ലാതെ കിടക്കുന്ന പുഞ്ച പ്രാഥമികാവശ്യങ്ങൾക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഓല കുതിർക്കുന്നതിനുമടക്കം ഉപയോഗിച്ചു വരുന്നു.ഏതാനും വർഷം മുമ്പ് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ 'കോളിഫോം ബാക്ടീരിയ' വൻതോതിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നാണ് ഇത്തരം ബാക്ടീരിയകൾ ഉത്ഭവിക്കുന്നത്.

ശുദ്ധജലം വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ചേലൂരിലെ കിണറിനോട് ചേർന്നുള്ള ഇൻഫിൽറ്ററേഷൻ ഗാലറിയിലും കിണറിലും വൻ തോതിൽ ചെളി അടിഞ്ഞു കിടക്കുകയാണ്.ഇത് നീക്കം ചെയ്യാൻ അരക്കോടിയിലധികം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ആഴമേറിയ കിണറിൽ വർഷങ്ങൾക്ക് മുമ്പ് കൂറ്റൻ മോട്ടോർ അകപ്പെട്ടിരുന്നു.ഇത് പുറത്തെടുക്കുന്നത് അസാധ്യമാണെന്നാണ് അധികൃതർ പറയുന്നത്. ഇതിനാൽ വെള്ളത്തിന് തുരുമ്പിന്റെ ചുവയും അനുഭവപ്പെടുന്നു. കൊല്ലാറയിലെ ഓവർ ഹെഡ് ടാങ്കിലേക്ക് പുഞ്ചയിൽ നിന്ന് നേരിട്ടെത്തിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ വിതറുന്നത് മാത്രമാണ് ആകെയുള്ള ഫിൽട്ടറിംഗ്. അതിനിടെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ശുദ്ധജലം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം ജല അതോറിട്ടി ചെവിക്കൊണ്ടിട്ടില്ല.