 ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കൊല്ലം: നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചു. കൊല്ലം നഗരത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 185 മില്ലി മീറ്റർ. പുനലൂർ 49.4 മില്ലി മീറ്ററും ആര്യൻകാവിൽ 55 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ 9 മുതൽ 15 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചു.

എന്നാൽ മാർച്ച് ഒന്നുമുതൽ ഇന്നലെ വരെയുള്ള മഴയുടെ കണക്കിൽ 32 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 333.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 228.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടവിട്ട് ഇടവിട്ടാണ് ജില്ലയിൽ മഴപെയ്തത്. വൈകിട്ടും രാത്രിയുമാണ് മഴ കൂടുതൽ സജീവമാകുന്നത്. നാളെ വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലത്തെ മഴയിൽ സെന്റ് സേവ്യേഴ്സ് കോളനിയിലെ വീടുകളിൽ ചെറിയതോതിൽ വെള്ളം കയറി. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പടിഞ്ഞാറേകല്ലട കാരാളിമുക്ക് മുട്ടച്ചരുവ് കോളനി റൂഹ ലാൻഡിൽ യേശുദാസന്റെ പുരയിടത്തിലെ കിണർ ഇടഞ്ഞുതാഴ്ന്നു. മുണ്ടയ്ക്കൽ ഭാഗത്ത് തീരം കൂടുതൽ ഇടിഞ്ഞു. ആണ്ടാമുക്കം , ചെപ്പള്ളി മുക്ക്, , ഇടപ്പാടം, കൊച്ചുമരത്തടി ,എഴുത്തിൽ മുക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി.

വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഈ മാസം ജില്ലയിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ 30നുണ്ടായ മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിരുന്നു. മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിൽ ചടയമംഗലത്ത് നാശനഷ്ടം ഉണ്ടാവുകയും കുണ്ടറയിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

അവഗണിക്കരുത് മുന്നറിയിപ്പ്

ഫോൺ

ദുരന്ത നിവാരണ അതോറിറ്റി -1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912