കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് ( കരുനാഗപ്പള്ളി നഗരസഭ പത്താം ഡിവിഷൻ) നിർദ്ധന കുടുംബത്തിന്റെ ചോർന്നൊലിക്കുന്ന വീടിന് വാസയോഗ്യമായ അവസ്ഥ രൂപപ്പെടുത്തുന്നതിനായി ഇന്നലെ വിവാഹിതരായ അനുരാജും നന്ദനയും ചേർന്ന് വിവാഹവേദിയിൽ വെച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് വിമുക്തി പഠന കേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു. വിമുക്തി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന സ്നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ മാതൃകാപരമായ ഒട്ടേറെ കാര്യങ്ങൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഇക്കുറി ഒരു നിർദ്ധന കുടുംബത്തിന് സുരക്ഷിത വാസസ്ഥലം സുമനസുകളുടെ സഹായത്തോടെ ഒരുക്കുകയാണ് കരുനാഗപ്പള്ളി വിമുക്തി പഠന കേന്ദ്രം. കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ വേദിയിൽ നവദമ്പതികളിൽ നിന്ന് വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി.എൽ.വിജിലാൽ ധനസഹായം ഏറ്റുവാങ്ങി. പഠനകേന്ദ്രം ഭാരവാഹികളായ പ്രിവന്റീവ് ഓഫീസർ വൈ.സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, അജയഘോഷ്, അൻസർ, ഹരിപ്രസാദ്, പ്രിയങ്ക എന്നിവർ പങ്കെടുത്തു.