കുന്നത്തൂർ: കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളെയും 503 സ്വയം സഹായ സംഘങ്ങളെയും 4 മേഖലകളായി തിരിച്ച് നടത്തിവന്ന കരയോഗം, വനിതാ സംഘം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം സമാപിച്ചു. കരയോഗത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓരോ വനിതാ സ്വയം സഹായ സംഘങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൂടി നേട്ടം ഉണ്ടാക്കത്തക്കതരത്തിൽ സംഘാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വരുന്നതിനുള്ള കൂട്ടായ പ്രവർത്തനം നടത്താൻ തീരുമാനിച്ചു. വനിതാ സമ്മേളനം മാതൃകാപരമായി സംഘടിപ്പിക്കുന്നതിനും ജൂൺ 9ന് ഉച്ചയ്ക്ക് 2ന് ശൂരനാട് വടക്ക് കാഞ്ഞിരംകടവ് ശ്രീവില്ലാട സ്വാമി ക്ഷേത്രസന്നിധിയിൽ ചേരുന്ന നേതൃയോഗത്തിൽ എല്ലാ കരയോഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനിച്ചു. രാവിലെ 10.30ന് പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക് മേഖലകളുടെയും ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട മേഖലയിലെയും ഭാരവാഹികളുടെ യോഗമാണ് ചേർന്നത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രകുറുപ്പ്, എൻ.എസ്.എസ് പ്രതിനിധിസഭാംഗം, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,എം.എസ്.എസ്.എസ് മേഖല കോർഡിനേറ്റേഴ്സ്, കരയോഗം പ്രസിഡന്റ്, സെക്രട്ടറി,സ്വയം സഹായസംഘത്തിന്റെ പ്രസിഡന്റ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യൂണിയൻ ഭരണ സമിതി അംഗം സി.സുരേന്ദ്രൻപിള്ള സ്വാഗതവും എൻ.എസ്.എസ് ഇൻസ്‌പെക്ടർ എ.എൻ.വിവേക് നന്ദിയും പറഞ്ഞു.