t
കൊല്ലം ബീച്ചി​ൽ തീരം നെടുകെ പി​ളർന്ന നി​ലയി​ൽ

ജിയോബാഗുകൾ മറികടന്ന് തിരമാലകൾ കുതിക്കുന്നു

കൊല്ലം: കനത്ത മഴയും ആഞ്ഞടിക്കുന്ന തിരമാലകളും ചേർന്ന് ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ കൊല്ലം ബീച്ചിലെ തീരം രണ്ടായി പിളർത്തി. ബീച്ചിലെ വെടിക്കുന്ന് ഭാഗത്താണ് തീരം പിളർന്ന് കടൽ ഇരച്ചു കയറുന്നത്.

കടൽക്ഷോഭം തടയാൻ ഈ ഭാഗങ്ങളിൽ ഒരു മാസത്തിനു മുമ്പ് കോർപ്പറേഷൻ ജിയോ ബാഗുകൾ നിരത്തിയിരുന്നെങ്കിലും ഇവ മറികടന്നാണ് തിരമാലകൾ കുതിച്ചെത്തുന്നത്. ബീച്ചിൽ നിന്നു കൊല്ലം തോട്ടിലേക്ക് റോഡ് മുറിച്ചു കടന്ന് തിരമാലകൾ എത്തുന്ന അവസ്ഥയായി. ഇവിടെ പൊഴി മുറിഞ്ഞ നിലയിലാണ്. ഏകദേശം അഞ്ചടി താഴ്ചയിൽ തീരം തോട് പോലെയായി. വർഷങ്ങൾക്കു മുമ്പ് കൂറ്റൻ തിരമാലകളെ തടഞ്ഞുനിറുത്തി തീരം സംരക്ഷിക്കാൻ പാകിയ പാറകൾക്കിടയിലൂടെയാണ് തിരമാലകൾ കൊല്ലം തോട്ടിലേക്ക് എത്തുന്നത്. മഴയും കടൽക്ഷോഭവും തുടർന്നാൽ ബീച്ചിന് സമീപത്തെ തീരദേശ റോഡിനും നാശമുണ്ടാവും. ബീച്ചിലെത്തുന്ന സന്ദർശകർ കടലിൽ കാൽ നനയ്ക്കാൻ ഇറങ്ങുന്നത് വലിയ ഭീഷണിയായിട്ടുണ്ട്. അന്യ നാടുകളിൽ നിന്നെത്തുന്നവരാണ് അപകടത്തിൽ പെടുന്നതിലേറെയും കഴിഞ്ഞ ദിവസം കനത്ത മഴയിൽ കടലിൽ ഇറങ്ങിയ യുവാവിനെ തിരമാലകൾ കവർന്നെങ്കിലും ഭാഗ്യം കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്. കാലവർഷം ശക്തമാകുന്നതോടെ ബീച്ചിൽ സന്ദർശകരെ വിലക്കുമെന്നാണ് സൂചന.

ഫലിക്കാത്ത മുന്നറിയിപ്പുകൾ

അപകട മുന്നറിയിപ്പ് നൽകിയാലും സന്ദർശകരിൽ പലരും ചെവിക്കൊള്ളാറില്ലെന്ന് ജീവൻ രക്ഷാപ്രവർത്തകർ പറയുന്നു. മുന്നറിയിപ്പുകളും ബീച്ചിൽ മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയ ബോർഡുകളും ഉണ്ടെങ്കിലും ഇതൊക്കെ അവഗണിച്ചാണ് സന്ദർശകർ, മരണക്കെണിയായി മാറിക്കൊണ്ടിരിക്കുന്ന ബീച്ചിലെ തിരമാലയിൽ ആർത്തുല്ലസിക്കുന്നത്. അവധി ദിനങ്ങളിൽ വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ എത്തുന്ന ബീച്ച് സുരക്ഷിതമാക്കാൻ നടപടി കൈക്കൊള്ളണമെന്നാണ് സന്ദർശകരുടെ ആവശ്യം