കൊല്ലം: കുരീപ്പുഴയിലെ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം രണ്ടു മാസം. നാലര മാസത്തിനിടെ ആകെ നടന്നത് രണ്ട് ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം. ആഗസ്റ്റ് 15ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനിയുടെ ഒടുവിലത്തെ ഉറപ്പ്. നിർവഹണ ഏജൻസിയായ വാട്ടർ അതോറിട്ടി അടുത്തിടെ കരാർ കമ്പനിയുടെ സി.ഇ.ഒയെ വിളിച്ചുവരുത്തുകയും അടിയന്തരമായി പണി പൂർത്തിയാക്കിയില്ലെങ്കിൽ വൻതുക പിഴ ചുമത്തി കരാർ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
120 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം ഒരു ദിവസം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റാണ് നിർമ്മിക്കുന്നത്. എയ്റോബിക് സാങ്കേതിക വിദ്യയിൽ ബാക്ടീരിയയെ ഉപയോഗിച്ചാണ് ദുർഗന്ധം ഉണ്ടാകാതെ സംസ്കരണം നടത്തുന്നത്. കമ്മിഷനിംഗിന് ശേഷം ഒരുമാസത്തോളമെടുത്ത് ബാക്ടീരിയയെ ആവശ്യാനുസരണം വളർത്തിയ ശേഷമാവും സംസ്കരണം തുടങ്ങുകയുള്ളൂ. മന്ത്രി എം.ബി. രാജേഷ് നവേകരള സദസിനായി കൊല്ലത്ത് എത്തിയപ്പോൾ പ്ലാന്റ് സന്ദർശിച്ച് ജനുവരി 17ന് കമ്മിഷനിംഗ് നിശ്ചയിച്ചിരുന്നതാണ്. തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് വേഗത്തിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ഇപ്പോഴും നിർമ്മാണം ഇഴയുകയാണ്.
മെക്കാനിക്കൽ ഉപകരണങ്ങൾ എത്തിച്ചിട്ടില്ല
പ്ലാന്റിന്റെ ഭാഗമായ ഒൻപത് ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ ഇനിയും എത്തിയിട്ടില്ല
ഇവ സ്ഥാപിക്കലും അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണവുമാണ് ബാക്കിനിൽക്കുന്നത്
ആഗസ്റ്റ് 15 വരെ ക്ഷമിക്കണമെന്ന് കമ്പനിയുടെ ആവശ്യം
സെപ്റ്റേജ് പൈപ്പ് ലൈൻ ശൃംഖല പൂർത്തിയാകാത്തതിനാൽ കൊല്ലം നഗരത്തിൽ നിന്ന് കൂടുതൽ കക്കൂസ് മാലിന്യം എത്തിക്കാനാകില്ല
സമീപ പഞ്ചായത്തുകളിലെയും കക്കൂസ് മാലിന്യം എത്തിച്ച് സംസ്കരിച്ചേക്കും
പ്രവർത്തനം സ്തംഭിച്ചാൽ ബാക്ടീരിയകൾ നശിക്കും
പ്ലാന്റ് ഒരു ദിവസം പ്രവർത്തിക്കാൻ വേണ്ടത്
20 ലക്ഷം ലിറ്റർ കക്കൂസ് മാലിന്യം
നിർമ്മാണ പുരോഗതി
2022 ഡിസംബർ: 75 %
2023 മേയ് പകുതി: 81 %
ആഗസ്റ്റ്: 18- 84 %
നവംബർ: 20 - 85 %
2024 ജനുവരി 1: 88 %
2024 മേയ് 20: 90 %
പ്ളാന്റ് തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം എത്തിക്കുന്നത് സംബന്ധിച്ച് രണ്ട് ഏജൻസികളുടെ നേതൃത്വത്തിൽ പഠനം നടക്കുകയാണ്.
വാട്ടർ അതോറിറ്റി അധികൃതർ