വെട്ടിക്കവല : ഭിത്തി വിണ്ടുകീറി അടിസ്ഥാനവുമായി വിള്ളലുണ്ടായ വീട് അപകടാവസ്ഥയിൽ. തലച്ചിറ പ്രാഡിക്കോണത്ത് ഷെരീഫാ ബീവിയുടെ ഷീറ്റു മേഞ്ഞ രണ്ടു മുറിയും ഒരു അടുക്കളയുമുള്ള വീടാണ് ഏതു നിമിഷവും തകർന്ന് വീണേക്കാവുന്ന അവസ്ഥയിലുള്ളത്.
മഴക്കാലം തുടങ്ങുന്നതിനു മുമ്പാണ് ഒരു ഭിത്തിയിൽ വിള്ളലുണ്ടായത്. വേനൽമഴ എത്തുന്നതിന് മുമ്പെ രണ്ടാമത്തെ ഭിത്തിയിലും വിള്ളലുണ്ടായി. തുടർന്നു മഴ ശക്തമായതോടെയാണ് അടിസ്ഥാനം ഭിത്തിയുമായി അകലാൻ തുടങ്ങിയത്. മുപ്പത് വർഷം മുമ്പ് വിധവയായ ഷെരീഫ ബീവി 12 വർഷമായി വീട്ടിൽ തനിച്ചാണ്. മക്കൾ കുടുംബവുമായി വേറെയാണ് താമസം.
വീടിന്റെ അറ്റകുറ്റപണികൾക്കുള്ള ഫണ്ടിനായി വീട്ടമ്മ പഞ്ചായത്ത് മെമ്പറെ സമീപിച്ചെങ്കിലും ഗ്രാന്റുകളൊന്നും ഉടനെയില്ലെന്ന മറുപടിയാണ് ലഭിച്ചത്.