മരുത്തടി: കോർപ്പറേഷൻ രണ്ടാം ഡിവിഷനിലെ മുത്തേഴത്ത് കിഴക്കേത്തറ ജംഗ്‌ഷനിൽ, പാലം നിർമ്മാണത്തോടനുബന്ധിച്ചു വട്ടക്കായലിനും കട്ടയ്ക്കൽ കായലിനും ഇടയ്‌ക്കുള്ള തോട്ടിൽ കരാറുകാരൻ അനധികൃതമായി കെട്ടിയ തടയണ പൊളിച്ചു നീക്കി. അനധികൃത ബണ്ട് നിർമ്മാണം കാലവർഷത്തോടെ പ്രദേശത്തെ വെള്ളത്തിലാഴ്ത്തുമെന്നതു സംബന്ധിച്ച പ്രദേശവാസികളുടെ ആശങ്ക കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. പാലത്തിലൂടെ നിലവിൽ ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
ഇരു കരകളോടും ചേർന്നു രണ്ടു സ്‌പാനും മദ്ധ്യത്ത് ഒരു സ്‌പാനും സ്ഥാപിച്ച് നിർമ്മിച്ച പാലത്തിന്റെ ഇരുകരകളിലും ബലപ്പെടുത്തലിനു വേണ്ടിയുള്ള കോൺക്രീറ്റ് പണികൾ അവശേഷിക്കെയാണ് ഇടയ്‌ക്ക് പണി അവസാനിപ്പിച്ചത്. തോട്ടിൽ പാലത്തിന്റെ ഇരു വശങ്ങളിലായി മണൽ നിറച്ച പ്ലാസ്‌റ്റിക് ബാഗുകളും നേരത്തെ അവിടെയുണ്ടായിരുന്ന കലുങ്ക് പൊളിച്ചതിന്റെ അവശിഷ്ടങ്ങളും ഉപയോഗിച്ച് കരാറുകാരൻ ബണ്ട് നിർമ്മിച്ചു. ഇതോടെ നീരൊഴുക്ക് തടസപ്പെട്ടു. ശക്തമായ വേനൽ മഴ മുന്നറിയിപ്പ് വന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വാർത്ത വന്നതോടെ ആദ്യ വേനൽ മഴയ്‌ക്ക് പിറ്റേന്നു തന്നെ ജലസേചന വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിൽ തടയണകൾ നീക്കം ചെയ്‌ത് തോട്ടിലൂടെയുള്ള ഒഴുക്ക് പുനസ്ഥാപിക്കുകയായിരുന്നു.
ജലസേചന വകുപ്പിന്റെ പദ്ധതിയിൽ ഇല്ലാതിരുന്ന തടയണ കരാറുകാരൻ സ്വന്തം നിലയ്‌ക്ക് പാലത്തിന്റെ നിർമ്മാണ സൗകര്യാർത്ഥം സ്ഥാപിക്കുകയായിരുന്നു. തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമായതോടെ ദേശീയപാത വീതി കൂട്ടൽ മൂലം ഓടകളടഞ്ഞ സാഹചര്യത്തിൽ വട്ടക്കായലിലേക്ക് മറിഞ്ഞ വെള്ളം തടസമില്ലാതെ വട്ടക്കായലിലേക്കും അവിടെ നിന്നു തോട് വഴി കട്ടക്കായലിലൂടെ കടലിലേക്കും പതിക്കുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.